ഇന്ത്യൻ സ്കൂളിൽ എൻട്രൻസ്‌ കോച്ചിംഗ് അക്കാദമി


മനാമ: ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂളിൽ എൻട്രൻസ് കോച്ചിംഗ് അക്കാദമി ഉദ്ഘാടനം ചെയ്തു. കോഴ്സിന് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം അസി.സെക്രട്ടറി ഡോ. അബ്ദുൾ ഖാനി സാലി അൽ ഷുവൈലാ അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആൾ ഇന്ത്യാ പ്രീ മെഡിക്കൽ ടെസ്റ്റ്‌, ജോയിന്റ് എഞ്ചിനിയറിംഗ് പരീക്ഷ, കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റ്‌ എന്നിവയ്ക്ക് വേണ്ടുന്ന സയൻസ്, കൊമേഴ്സ്‌ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അക്കാദമി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ സെക്രട്ടറി ഷെമിലി പി. ജോൺ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, അക്കാദമിക് അംഗം ഖുർഷിദ് ആലം, സ്പോർട്സ് അംഗം ജയ്ഫർ മൈദാനി, സ്റ്റാഫ് പ്രതിനിധി പ്രിയാ ലാജി, കോച്ചിംഗ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സുദിപ്തൊ സെൻ ഗുപ്ത, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യൻ സ്കൂളിൽ തന്നെ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഈ അക്കാദമി യിൽ നിലവിലെ വിദഗ്ദ്ധരായ അദ്ധ്യാപകർക്ക് പുറമേ എൻട്രൻസ് കോച്ചിംഗ് വിദഗ്ദ്ധരായ അദ്ധ്യാപകരെ ഇന്ത്യയിൽ നിന്നും കൊണ്ട് വരുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യയിലെ മെഡിക്കൽ, എഞ്ചിനിയറിംഗ് പരീക്ഷ അടുക്കുന്പോൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയോ അല്ലെങ്കിൽ വളരെ മുന്പ് കുട്ടികൾ ഇന്ത്യയിലേയ്ക്ക് പോകേണ്ട സ്ഥിതി വിശേഷമോ ആണ് നില നിന്നിരുന്നതെന്നും ഇനി മുതൽ ഒന്പതാം ക്ലാസ് തൊട്ട് തന്നെ പ്രൊഫഷണൽ കോഴ്സുകളുടെ എൻട്രൻസ് പരീക്ഷകൾക്ക് ഇന്ത്യൻ സ്കൂളിൽ തന്നെ സൗകര്യമൊരുക്കുന്നത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സൗകര്യപ്രദമാകുമെന്നും സ്കൂൾ സെക്രട്ടറി ഷെമിലി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed