ഫുഡ് ട്രക്കുകളുടെ നടത്തിപ്പ് ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ബിൽ ചൊവ്വാഴ്ച പാർലമെന്റിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സഞ്ചരിക്കുന്ന ഭക്ഷണശാലകൾക്ക് (മൊബൈൽ ഫുഡ് ബിസിനസ്സുകൾ) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ കരട് നിയമം ചൊവ്വാഴ്ച പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനും വരും. ഫുഡ് ട്രക്കുകളുടെ നടത്തിപ്പ് ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുക, ഈ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പെർമിറ്റുകൾ നിരോധിക്കുക, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്ക് 5,000 ബഹ്റൈൻ ദിനാർ വരെ പിഴ ചുമത്തുക തുടങ്ങിയ സുപ്രധാന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
പാർലമെന്റിന്റെ ധനകാര്യ-സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം, പൊതുമരാമത്ത്-പരിസ്ഥിതി കാര്യ സമിതി അധ്യക്ഷൻ ഹിഷാം അൽ അവാദി, എം.പി ഖാലിദ് ബു ഒങ്ക് എന്നിവർ ചേർന്നാണ് ബിൽ സമർപ്പിച്ചത്. ഈ മേഖലയ്ക്ക് പ്രത്യേക നിയമം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത്-പരിസ്ഥിതി കാര്യ സമിതി ബില്ലിന് അംഗീകാരം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്.
നിർദ്ദിഷ്ട നിയമപ്രകാരം, ലൈസൻസില്ലാതെയോ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചോ മൊബൈൽ ഫുഡ് ബിസിനസ് നടത്തുന്നവർക്ക് തടവുശിക്ഷയോ 5,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടാനും കോടതികൾക്ക് അധികാരമുണ്ടാകും.
ലൈസൻസ് ലഭിക്കുന്നതിന് ബഹ്റൈൻ പൗരത്വം നിർബന്ധമാക്കുന്ന ബിൽ, ഈ ബിസിനസ്സിനായി വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ ലൈസൻസികൾക്ക് പെർമിറ്റ് നൽകുന്നത് വിലക്കുന്നു. ലൈസൻസുകൾക്ക് ഒരു വർഷമായിരിക്കും കാലാവധി. നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി ഇവ പുതുക്കാവുന്നതാണ്.
വളർന്നുവരുന്ന ഈ ബിസിനസ് മേഖലയ്ക്ക് വ്യക്തമായ നിയമചട്ടക്കൂട് ഉണ്ടാക്കുന്നതിനും ബഹ്റൈൻ സംരംഭകരെ പിന്തുണയ്ക്കുന്നതിനുമാണ് പുതിയ നിർദ്ദേശമെന്ന് എം.പി ഖാലിദ് ബു ഒങ്ക് പറഞ്ഞു. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം നിയമാനുസൃതം പ്രവർത്തിക്കുന്നവർക്ക് കൂടുതൽ വ്യക്തത നൽകാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് അൽ സല്ലൂമും വ്യക്തമാക്കി.
വാഹനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യ-പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുക, സിവിൽ ഡിഫൻസ്-ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കുക, ലൈസൻസിൽ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും മാത്രം വാഹനം പാർക്ക് ചെയ്യുക എന്നിവ നടത്തിപ്പുകാർക്ക് നിർബന്ധമായിരിക്കും. പരിശോധനകൾ നടത്താനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യവസായ-വാണിജ്യ മന്ത്രാലയം മറ്റ് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും.
നിയമലംഘനം കണ്ടെത്തിയാൽ മന്ത്രാലയത്തിന് രേഖാമൂലം മുന്നറിയിപ്പ് നൽകാനോ, ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കും. സാധാരണഗതിയിൽ പിഴവുകൾ തിരുത്താൻ 10 ദിവസത്തെ നോട്ടീസ് നൽകും. എന്നാൽ പൊതുജനാരോഗ്യത്തിനോ ജീവനോ ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പ്രവർത്തനം ഉടൻ നിർത്തിവെപ്പിക്കാനും ലൈസൻസ് റദ്ദാക്കാനും അധികാരമുണ്ടാകും. ഭരണപരമായ ശിക്ഷാനടപടികൾക്കെതിരെ 30 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിന് അപ്പീൽ നൽകാനും തുടർന്ന് കോടതിയെ സമീപിക്കാനും വ്യവസ്ഥയുണ്ട്.
അഞ്ച് യോഗങ്ങളിലായി വിവിധ സർക്കാർ വകുപ്പുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് സമിതി ഭേദഗതി ചെയ്ത ബിൽ ഏകകണ്ഠമായി ശുപാർശ ചെയ്തത്. 2017-ലും 2020-ലും പുറത്തിറക്കിയ മന്ത്രിതല തീരുമാനങ്ങളിലൂടെ ഈ മേഖല നിലവിൽ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി-കാർഷിക മന്ത്രാലയം വാദിച്ചു. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ബില്ലിനെ എതിർത്തപ്പോൾ, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ബിൽ അപൂർണ്ണമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ശക്തമായ നിയമസംരക്ഷണവും സ്ഥിരതയും നൽകാൻ പ്രത്യേക നിയമം സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി സതേൺ മുനിസിപ്പൽ കൗൺസിൽ ബില്ലിനെ പിന്തുണച്ചു. സുരക്ഷിതമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഹിഷാം അൽ അവാദി പറഞ്ഞു.
ഒൻപത് ആർട്ടിക്കിളുകളാണ് ഭേദഗതി ചെയ്ത ബില്ലിലുള്ളത്. ബിൽ പാസായി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളിൽ വ്യവസായ-വാണിജ്യ മന്ത്രി എക്സിക്യൂട്ടീവ് ചട്ടങ്ങൾ പുറപ്പെടുവിക്കണം. പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരിക.
deddsdsa


