ബഹ്റൈനിൽ നട്ടുപിടിപ്പിക്കുന്ന എല്ലാ മരങ്ങൾക്കും തിരിച്ചറിയൽ നമ്പറും ഉപഗ്രഹ നിരീക്ഷണവും ഏർപ്പെടുത്തുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലുടനീളം നട്ടുപിടിപ്പിക്കുന്ന എല്ലാ മരങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകാനും ഉപഗ്രഹ സഹായത്തോടെ മാപ്പ് ചെയ്യാനും സർക്കാർ പദ്ധതിയിടുന്നു. മരങ്ങളുടെ വളർച്ച, പരിപാലനം, വെട്ടിമാറ്റൽ എന്നിവ നിരീക്ഷിക്കുന്നതിനും, മരം നടുന്നതിന്റെ ചുമതലയുള്ള കരാറുകാരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമാണ് പുതിയ പദ്ധതി.
സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുമായി ചേർന്ന് വികസിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ, മരങ്ങളുടെ സ്ഥാനം, ഇനം, എണ്ണം എന്നിവ രേഖപ്പെടുത്തിയ ഡിജിറ്റൽ ഡാറ്റാബേസ് മുനിസിപ്പാലിറ്റികൾക്ക് ലഭ്യമാകും. സൗദി അറേബ്യയിലും യു.എ.ഇയിലും നിലവിലുള്ള മരങ്ങൾക്ക് നമ്പർ നൽകുന്ന സംവിധാനം ബഹ്റൈനിലും നടപ്പാക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർ സൈന ജാസിം ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, മുനിസിപ്പൽ കൗൺസിൽ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദിഖ് അൽ സിത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഉപഗ്രഹ ചിത്രങ്ങളും നമ്പറുകൾ രേഖപ്പെടുത്തിയ വിവരങ്ങളും വഴി മരം നടീൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, മരങ്ങൾ നശിച്ചുപോകുന്നതും മാറ്റങ്ങൾ സംഭവിക്കുന്നതും കൃത്യമായി കണ്ടെത്താനും മുനിസിപ്പാലിറ്റികൾക്ക് സാധിക്കുമെന്ന് അൽ സിത്രി പറഞ്ഞു. കൃത്യമായ മേൽനോട്ടമില്ലാത്തത് കാരണം കരാറുകാരുടെ പ്രവർത്തനം വിലയിരുത്താനും വനവൽക്കരണത്തിനായി ചെലവഴിക്കുന്ന പൊതുപണം ഫലപ്രദമാകുന്നുണ്ടോ എന്ന് ഉറപ്പാക്കാനും കൗൺസിലുകൾക്ക് ബുദ്ധിമുട്ടാണെന്ന് സൈന ജാസിം മുന്നറിയിപ്പ് നൽകിയിരുന്നു.
റോഡരികുകളിലെ ഹരിതവൽക്കരണം വൈവിധ്യവൽക്കരിക്കുന്നതിനുള്ള ദേശീയ വനവൽക്കരണ പദ്ധതിയെ അവർ പ്രശംസിച്ചു. എന്നാൽ തിരക്കേറിയ തെരുവുകളേക്കാൾ കൃഷിയിടങ്ങൾക്കും വീടുകൾക്കുമാണ് ഈന്തപ്പനകൾ കൂടുതൽ അനുയോജ്യമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ വർഷത്തെ കനത്ത മഴയ്ക്ക് ശേഷം മരങ്ങൾ നശിച്ചുപോകാൻ കാരണം ഭൂഗർഭജലനിരപ്പ് ഉയർന്നതും മണ്ണിലെ ലവണാംശം വർദ്ധിച്ചതുമാണെന്ന് ബഹ്റൈൻ സർവകലാശാലയുമായി ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബഹ്റൈനിലെ ലവണാംശമുള്ള മണ്ണിനെ അതിജീവിക്കാൻ ശേഷിയുള്ള കൂടുതൽ കരുത്തുറ്റ മരങ്ങൾ കണ്ടെത്തുന്നതിനായി തുടർപഠനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഇത് ആവർത്തിച്ചുള്ള മരം നടീൽ ഒഴിവാക്കാൻ സഹായിക്കുമെന്നും അൽ സിത്രി വ്യക്തമാക്കി. ഹരിതവൽക്കരണത്തിനുള്ള പൊതുനിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് ഗുണകരമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരം നിരീക്ഷണങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സൈന ജാസിം പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു.
dfsfsdfds


