സൈനികരുടെ യൂണിഫോമും അതിനു സമാനമായ വസ്ത്രങ്ങൾ ധരിക്കുന്നതും നിയമ വിരുദ്ധം

ന്യൂ ഡല്ഹി: സൈനികരുടെ യൂണിഫോമും അതിനു സമാനമായ വസ്ത്രങ്ങൾ ധരിക്കുന്നതും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് സൈന്യം. ഇവ വിൽക്കുന്നതിൽ നിന്നു കടക്കാരും ഒഴിവാകണം. പത്താൻകോട്ടെ വ്യോമതാവളത്തിൽ ആക്രമണം നടത്തിയ ഭീകരർ സൈനിക വേഷത്തിലാണെത്തിയത്. ഇതേത്തുടർന്നാണ് പുതിയ നിർദേശം സൈന്യം ഇറക്കിയത്.
പൊതുജനങ്ങൾ സൈനിക വേഷം ധരിക്കുന്നത് പുതിയ നിർദേശത്തോടെ നിയമവിരുദ്ധമാകും. കൂടാതെ, സ്വകാര്യ സുരക്ഷാ ഏജൻസികൾ, പൊലീസ്, മറ്റ് കേന്ദ്ര സേനകൾ എന്നിവയും സൈന്യത്തിന്റെ യൂണിഫോം ധരിക്കരുതെന്നും നിർദേശമുണ്ട്. ഭീകരാക്രമണം ചെറുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. സൈനികരുടെ കുടുംബാംഗങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
നിയമം ലംഘിക്കുന്നതിനെക്കുറിച്ചു പരിശോധന നടത്താൻ പൊലീസിനും ഭരണകൂടത്തിനും അവകാശമുണ്ടായിരിക്കും. സൈനിക യൂണിഫോമിന്റെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ വഴി യുവാക്കൾ പ്രചാരണം നടത്തണമെന്നും സൈനിക വക്താവ് അറിയിച്ചു.