പ്രവാസി കാര്യ മന്ത്രാലയത്തെ വിദേശ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നു: പ്രവാസി സമൂഹത്തില്‍ വ്യാപകമായ പ്രതിഷേധം

കൊച്ചി: പ്രവാസി കാര്യ മന്ത്രാലയത്തെ വിദേശ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കൂടുതല്‍ പ്രവാസികളുള്ള കേരളത്തിന് തിരിച്ചടിയാകുന്നു. രാജ്യത്തെ പ്രവാസികളില്‍ നല്ലൊരു പങ്ക് മലയാളികളായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രധാനമായും കേരളത്തെയാണ് ബാധിക്കുക. പ്രവാസി സമൂഹം, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പ്രത്യേക മന്ത്രാലയം ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തില്‍ വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.
2.4 ദശലക്ഷം പ്രവാസികളുള്ള കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസിവകുപ്പ് രൂപീകരിച്ച മാതൃകയിലാണ് യു.പി.എ സര്‍ക്കാരും 2004 ല്‍ പ്രത്യേകമായി പ്രവാസി വകുപ്പ് രൂപീകരിച്ചത്. പ്രവാസികളെ ചൂഷണം ചെയ്യുന്നതും, തൊഴില്‍ നിയമങ്ങളുടെ ലംഘനം വര്‍ധിച്ചുവരികയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസിവകുപ്പിന് യു.പി.എ സര്‍ക്കാര്‍ രൂപം നല്‍കിയത്.
വിദേശ മന്ത്രാലയത്തിന്റെ ഭാരിച്ച ചുമതലകള്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവാസികള്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയാണ് വകുപ്പ് യാഥാര്‍ഥ്യമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളുമായി തൊഴില്‍ കരാറുകള്‍ ഉണ്ടാക്കുന്നതിനും വിദേശ രാജ്യങ്ങളിലെ ലേബര്‍ ക്യാംപുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും മന്ത്രാലയത്തിന് കഴിഞ്ഞിരുന്നു. പ്രവാസി വ്യവസായികളെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിനും ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും പ്രവാസി മന്ത്രാലയത്തിന് കഴിഞ്ഞിരുന്നു. ഇന്ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിന് മുന്നോടിയായിട്ടാണ് കേന്ദ്ര പ്രവാസി വകുപ്പിന്റെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ട്വിറ്ററിലൂടെ വകുപ്പിനെ വീണ്ടും വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യം പ്രവാസികാര്യവകുപ്പ് സ്ഥീരീകരിക്കുകയും ചെയ്തു.
വിദേശ മന്ത്രാലയത്തിന് കീഴിലുള്ള എംബസി കാര്യാലയങ്ങള്‍ വഴിയാണ് പ്രവാസിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതിനാല്‍ രണ്ട് വകുപ്പ് വേണ്ടെന്ന നിലപാടാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനുള്ളത്. 2004 മെയ് മാസത്തില്‍ മിനിസ്ട്രി ഓഫ് നോണ്‍ റസിഡന്റ് ഇന്ത്യന്‍ അഫയേഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച മന്ത്രാലയത്തെ പിന്നീട് മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് എന്ന് പുനര്‍നാമകരണം ചെയ്തു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടത്തിയിരുന്നതെന്ന് ആരോപണമുണ്ട്.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മന്ത്രാലയം വര്‍ഷംതോറും സംഘടിപ്പിച്ചിരുന്ന പ്രവാസി ഭാരതീയ ദിവസ് ആചരണം മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാക്കി മാറ്റിയിരുന്നു. സ്വദേശിവല്‍ക്കരണം,ഏജന്‍ുമാരുടെയും സ്‌പോണ്‍സര്‍മാരുടെയും ചൂഷണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തെ ഇല്ലാതാക്കാനുള്ള നീക്കം അപകടരമാണെന്നാണ് പ്രവാസി സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇന്ന് നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് പ്രവാസി സംഘടനകളും പ്രവാസി വ്യാവസായ പ്രമുഖരും.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസികളോടുള്ള അവഗണനയായിട്ടാണ് മുന്‍ പ്രവാസി മന്ത്രിയായ വയലാര്‍ രവി സര്‍ക്കാര്‍ നീക്കത്തെ വിശേഷിപ്പിക്കുന്നത്. വകുപ്പുകള്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.