2,726 പുതിയ സംരംഭങ്ങൾ; രാജ്യത്ത് തൊഴിലവസരങ്ങളിൽ വൻ കുതിപ്പ്


 

മനാമ: കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പുതുതായി 2,726 വ്യാപാരസ്ഥാപനങ്ങൾ തുറന്നതോടെ രാജ്യത്തെ തൊഴിലവസരങ്ങളിൽ വൻ കുതിപ്പ്  രേഖപ്പെടുത്തിയതായി റിപ്പോർട്ട്. തൊഴിൽ മേഖലയിലെ സൂചനകളെക്കുറിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. ഇതുമായി ബന്ധപ്പെട്ട് 22,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.     

രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തിൽ 667,845ൽ നിന്ന് 717,218 ആയി ഉയർന്നു. വിദേശതൊഴിലാളികളുടെ എണ്ണം 521,656ൽ നിന്നും 559,036 ആയതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വാർഷിക വളർച്ചയിൽ 7.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സ്വദേശികളായ തൊഴിലാളികളുടെ എണ്ണം 1,55,189ൽ നിന്ന് 1,58,182ലെത്തി. 2014ൽ ഇതേ കാലഘട്ടവുമായി താരതമ്യപ്പെടുത്തുന്പോൾ 1.9 ശതമാനം വളർച്ചയാണ് ഇവിടെ പ്രതിഫലിക്കുന്നത്.     

 

പെൻഷൻ ഫണ്ടിനായി റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വൻ വർദ്ധനവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. 1,780 സ്വദേശികളും 20,287 വിദേശികളുമാണ് കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ഇതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.  പോയവർഷം 7,059 സാന്പത്തിക യൂണിറ്റുകൾ റജിസ്റ്റർ ചെയ്തതായി കണക്കുകൾ പറയുന്നു. 2014ൽ ഇത് 9,793 ആയിരുന്നു. 32,673 റെഗുലർ വർക്ക് പർമിറ്റുകൾ, 485 താൽകാലിക വർക്ക് പർമിറ്റുകൾ, നിക്ഷേപകർക്കായി 187 വിസകൾ, 6,819 ഡിപ്പന്റന്റ് വിസകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് എൽ.എം.ആർ.എ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed