പെറുവിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി
ശാരിക
ലിമ: മധ്യ പെറുവിലെ ആൻഡീസ് പർവ്വതനിരകളിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ശക്തമായ പ്രകമ്പനത്തെത്തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തേക്കോടി. എന്നാൽ, അപകടത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെറുവിലെ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7:09-ഓടെയായിരുന്നു ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ജൂനിനിൽ നിന്ന് 34 കിലോമീറ്റർ വടക്ക് മാറി, ഭൂമിക്കടിയിൽ 108 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് പെറു സ്ഥിതി ചെയ്യുന്നത്. 40,000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന അഗ്നിപർവ്വതങ്ങളുടെയും ഭൂചലന മേഖലകളുടെയും ശൃംഖലയാണിത്. നേരത്തെ, കഴിഞ്ഞ ഓഗസ്റ്റിൽ ആൻഡീസിലുണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്കും സ്കൂളുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അതിനുമുൻപ് ജൂലൈയിൽ ജുനിൻ മേഖലയിലുണ്ടായ 5.5 തീവ്രതയുള്ള ഭൂചലനത്തിൽ ആറ് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
asdad


