കാൻസർ മുഴകൾ അപ്രത്യക്ഷമായി; പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ വൻ മുന്നേറ്റം
ശാരിക
ലണ്ടൻ: ചികിത്സിക്കാൻ പ്രയാസമേറിയതും മരണനിരക്ക് ഉയർന്നതുമായ പാൻക്രിയാറ്റിക് കാൻസറിനെതിരായ ചികിത്സയിൽ നിർണ്ണായക മുന്നേറ്റം റിപ്പോർട്ട് ചെയ്തു. 'ഡറാക്സോൺറാസിബ്' (Daraxonrasib) എന്ന പുതിയ ഗുളികയും കീമോതെറാപ്പിയും സംയോജിപ്പിച്ച് നൽകിയ പ്രാഥമിക പരീക്ഷണങ്ങളിൽ രോഗികളുടെ ശരീരത്തിലെ കാൻസർ മുഴകൾ ചുരുങ്ങുകയും ചിലരിൽ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തതായി കണ്ടെത്തി. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള വലിയ കണ്ടെത്തലാണിതെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, രോഗം എത്രകാലം നിയന്ത്രിച്ചു നിർത്താനാകുമെന്ന് വ്യക്തമല്ലാത്തതിനാൽ ഇതിനെ സമ്പൂർണ്ണ രോഗശാന്തിയായി ഇപ്പോൾ കണക്കാക്കാനാകില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ പടർന്ന 61 രോഗികളിലാണ് പ്രാഥമികഘട്ട പരീക്ഷണം നടത്തിയത്. 90% രോഗികളിലും കാൻസർ മുഴകളുടെ വളർച്ച പൂർണ്ണമായും നിലച്ചു. 60%-ത്തിലധികം രോഗികളിൽ മുഴകൾ ചുരുങ്ങുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു. 8% രോഗികളിൽ (12-ൽ ഒരാൾക്ക്) സിടി സ്കാനിൽ പോലും കണ്ടെത്താനാകാത്ത വിധം കാൻസർ മുഴകൾ അപ്രത്യക്ഷമായി.
പാൻക്രിയാറ്റിക് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന 'ആർഎഎഎസ്' (RAS) ജനിതക വ്യതിയാനങ്ങളെ ലക്ഷ്യം വച്ച് അവയുടെ പ്രവർത്തനം തടയുകയാണ് ഡറാക്സോൺറാസിബ് ചെയ്യുന്നത്. അമേരിക്കയിൽ നേരത്തെ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നാണിത്. ശ്വാസകോശം, അണ്ഡാശയം തുടങ്ങി സമാനമായ ജനിതകവ്യതിയാനമുള്ള മറ്റ് കാൻസറുകളുടെ ചികിത്സയ്ക്കും ഭാവിയിൽ ഇത് പ്രയോജനപ്പെട്ടേക്കാമെന്ന് കരുതുന്നു. ഇതുവരെ ചികിത്സിക്കാൻ അസാധ്യമെന്ന് കരുതിയിരുന്ന ഒന്നിനെ മരുന്നുകൊണ്ട് നേരിടാനുള്ള വഴിയാണ് തുറന്നുകിട്ടിയിരിക്കുന്നതെന്ന് കാൻസർ റിസർച്ച് യുകെയിലെ ഡോ. സാം ഗോഡ്ഫ്രെ പ്രതികരിച്ചു. രോഗികൾക്ക് കൂടുതൽ ആയുസ് നൽകാൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്ന് മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഡോ. വുങ്കി പാർക്കും വ്യക്തമാക്കി.
രോഗം തിരിച്ചറിയാൻ വൈകുന്നതും ചികിത്സ ഫലപ്രദമാകാത്തതും കാരണം അതിജീവന നിരക്ക് ഏറ്റവും കുറഞ്ഞ കാൻസറാണിത്. രോഗം മൂർച്ഛിച്ചവരിൽ ഭൂരിഭാഗം പേരും ഏതാനും മാസങ്ങൾ മാത്രമാണ് ജീവിക്കാറുള്ളത്. മഞ്ഞപ്പിത്തം, ചർമ്മത്തിലെ ചൊറിച്ചിൽ, മൂത്രത്തിന് കടുത്ത നിറം, അകാരണമായ ഭാരക്കുറവ്, കടുത്ത ക്ഷീണം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒന്നര വർഷത്തോളം രോഗികളെ നിരീക്ഷിച്ചതിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗം വീണ്ടും വരാനുള്ള സാധ്യതയും മരുന്നിന്റെ ദീർഘകാല ഫലപ്രാപ്തിയും അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ddsf


