സ്വകാര്യ മേഖലയിലെ ആരോഗ്യ ഇൻഷുറൻസ് ഫീസ് പിരിക്കുന്നത് മരവിപ്പിക്കണം; അടിയന്തര പ്രമേയത്തിന് ബഹ്‌റൈൻ പാർലമെന്റിന്റെ അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന അടിയന്തര പ്രമേയത്തിന് ബഹ്‌റൈൻ പാർലമെന്റ് ഇന്നലെ അംഗീകാരം നൽകി. ഒരേ ജീവനക്കാരുടെ ഇൻഷുറൻസിനായി സ്ഥാപനങ്ങൾ രണ്ടുതവണ പണമടയ്ക്കേണ്ടി വരുമെന്ന ആശങ്കയെത്തുടർന്നാണിത്. ഈ അധിക സാമ്പത്തിക ബാധ്യത വ്യാപാര സ്ഥാപനങ്ങളെയും തൊഴിലുകളെയും പ്രതിസന്ധിയിലാക്കുമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.

ഹസൻ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് പ്രമേയം അവതരിപ്പിച്ചത്. ഫീസ് പിരിക്കുന്ന രീതി സർക്കാർ പുനഃപരിശോധിക്കുകയും, തുക എങ്ങനെ ഈടാക്കണമെന്ന കാര്യത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (എൽഎംആർഎ) ചേർന്ന് വ്യക്തത വരുത്തുകയും ചെയ്യുന്നതുവരെ ഫീസ് മരവിപ്പിക്കണമെന്നാണ് ആവശ്യം. പ്രവർത്തനച്ചെലവുകൾ വർധിച്ചതിനാൽ സാമ്പത്തിക ഞെരുക്കം നേരിടുന്ന സ്ഥാപനങ്ങൾക്ക് പുതിയ ഫീസ് താങ്ങാനാകില്ലെന്ന ആശങ്കയ്ക്കിടെയാണ് പാർലമെന്റ് പ്രമേയം പാസാക്കിയത്.

‘ചില കമ്പനികൾ അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങൾ വഴി തങ്ങളുടെ തൊഴിലാളികൾക്ക് നിലവിൽ തന്നെ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ട്. എന്നിട്ടും പുതിയ ഫീസ് അടയ്ക്കാൻ അവരോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് ഒരേ തൊഴിലാളികൾക്കായി തൊഴിലുടമകൾ രണ്ടുതവണ പണമടയ്ക്കുന്ന സാഹചര്യമുണ്ടാക്കുകയും സ്ഥാപനങ്ങൾക്ക് അന്യായമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യും,’ ഹസൻ ഇബ്രാഹിം വ്യക്തമാക്കി.

അധിക ഫീസ് കമ്പനികളുടെ മൂലധനത്തെ ബാധിക്കുമെന്നും, ബിസിനസ് വളർച്ചയ്ക്കുള്ള പണം കുറയുന്നതിലൂടെ തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്നും എംപിമാർ വാദിച്ചു. ഉയർന്ന പ്രവർത്തനച്ചെലവുകളും മറ്റ് സാമ്പത്തിക ബാധ്യതകളും നേരിടുന്ന സമയത്ത് പുതിയ നിരക്കുകൾ അടിച്ചേൽപ്പിക്കുന്നതിന്റെ സമയത്തെയും അവർ ചോദ്യം ചെയ്തു.

ആരോഗ്യപരിരക്ഷാ ഫീസ് ഉൾപ്പെടെയുള്ള നിരക്കുകൾ പുനഃപരിശോധിച്ച്, തൊഴിലുടമകൾ നൽകേണ്ട തുക ന്യായവും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. വർക്ക് പെർമിറ്റുകളും റസിഡൻസ് പെർമിറ്റുകളും അനുവദിക്കുന്നതും പുതുക്കുന്നതുമായി ആരോഗ്യ ഇൻഷുറൻസ് നടപടികളെ ബന്ധിപ്പിച്ച് ലളിതമായ സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്. ഇതിലൂടെ സമയനഷ്ടവും അധിക കടലാസുപണികളും ഒഴിവാക്കാനാകും.

നിലവിൽ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളെ പ്രത്യേകം പരിഗണിക്കണമെന്നും, അവരെക്കൊണ്ട് പുതിയ പോളിസികൾ എടുപ്പിക്കുകയോ വീണ്ടും പണമടപ്പിക്കുകയോ ചെയ്യരുതെന്നും എംപിമാർ ആവശ്യപ്പെട്ടു. നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ എങ്ങനെ പരിഗണിക്കുമെന്നതിലും തൊഴിലാളികളുടെ പെർമിറ്റ് പുതുക്കുമ്പോൾ തൊഴിലുടമകൾ പാലിക്കേണ്ട നടപടിക്രമങ്ങളിലും വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

article-image

sdftsdg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed