ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ശമ്പളവർധന; ബഹ്റൈൻ പാർലമെന്റ് ബിൽ പാസാക്കി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശികളായ ഇമാമുമാർ, മുഅദ്ദിനുകൾ (ബാങ്ക് വിളിക്കുന്നവർ), പള്ളി പരിപാലകർ എന്നിവരുടെ ശമ്പള ഗ്രേഡുകൾ ഉയർത്താനുള്ള ഏഴിന ബിൽ പാർലമെന്റ് ചൊവ്വാഴ്ച പാസാക്കി. ബിരുദാനന്തര ബിരുദമുള്ള ചില മുഅദ്ദിനുകൾക്ക് പോലും പ്രതിമാസം 200 ദിനാർ മാത്രമാണ് വേതനമായി ലഭിക്കുന്നതെന്ന എംപിമാരുടെ വിമർശനങ്ങൾക്കിടെയാണ് ബിൽ സഭയുടെ അംഗീകാരം നേടിയത്.
പുതിയ ബിൽ പ്രകാരം ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള മുഴുവൻ സമയ ബഹ്റൈനി ഇമാമുമാരെ സിവിൽ സർവീസ് ഷിഫ്റ്റ്-വർക്ക് ശമ്പള സ്കെയിലിൽ ഗ്രേഡ് എട്ടിലേക്ക് ഉയർത്തും. സമാന യോഗ്യതയുള്ള മുഅദ്ദിനുകൾക്കും പള്ളി പരിപാലകർക്കും ഗ്രേഡ് ഏഴ് ലഭിക്കും. വാർഷിക ശമ്പളവർധനവ്, സ്ഥാനക്കയറ്റം, മറ്റ് അലവൻസുകൾ, ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്കും ഇവർ അർഹരാകും. എന്നാൽ, ഈ മാറ്റം നടപ്പാക്കുന്നത് വിരമിച്ച ചില പള്ളി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളെ ബാധിച്ചേക്കാമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പള്ളികൾ തുറക്കുന്നതിനും ബാങ്ക് വിളിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ചില മുഅദ്ദിനുകൾ ദിവസം പത്ത് മണിക്കൂർ വരെ ചെലവഴിച്ചിട്ടും വെറും 200 ദിനാർ മാത്രമാണ് പ്രതിമാസം ലഭിക്കുന്നതെന്ന് എംപി മുഹമ്മദ് മൂസ ചൂണ്ടിക്കാട്ടി. ‘ബിരുദാനന്തര ബിരുദമുള്ള ഒരു മുഅദ്ദിന് 200 ദിനാർ ലഭിക്കുന്നത് ന്യായമാണോ? ആ തുക കൊണ്ട് അയാൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?’ അദ്ദേഹം സഭയിൽ ചോദിച്ചു. പൊതുഅവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം ജോലി ചെയ്തിട്ടും ചില പള്ളി ജീവനക്കാർക്ക് 250 ദിനാറിൽ കൂടുതൽ ലഭിക്കുന്നില്ലെന്ന് എംപി അബ്ദുൾവാഹിദ് ഖറാത്തയും പറഞ്ഞു.
2004-ലെ ചട്ടങ്ങൾ പ്രകാരം ഇമാമുമാരെ ഗ്രേഡ് ആറിലും മുഅദ്ദിനുകളെ ഗ്രേഡ് നാലിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഉയർന്ന ഗ്രേഡുകളിൽ നിയമനം ലഭിക്കും. ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ഉള്ളവർക്ക് പ്രത്യേക അധിക അലവൻസും ലഭിക്കും. പ്രാരംഭ കരട് ബില്ലിൽ യഥാക്രമം 100 ദിനാർ, 150 ദിനാർ എന്നിങ്ങനെയാണ് ഈ തുക നിശ്ചയിച്ചിരുന്നതെങ്കിലും, പാർലമെന്റിന്റെ നിയമനിർമാണ-നിയമകാര്യ സമിതി തുകയുടെ പരിധി ഒഴിവാക്കുകയും അധിക വേതനത്തിനുള്ള അവകാശം നിലനിർത്തുകയും ചെയ്തു. നിലവിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ബിരുദ യോഗ്യതകൾ നിർബന്ധമാക്കില്ലെന്നും അവരുടെ സേവനകാലാവധി അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
പള്ളികളിലെ ജോലികൾക്കായി കൂടുതൽ സ്വദേശികൾക്ക് പരിശീലനം നൽകണമെന്ന് എംപി ബാസിമ മുബാറക് ആവശ്യപ്പെട്ടു. സ്കൂൾ പഠനം പൂർത്തിയാക്കുന്നവരെ ഇതിനായി സജ്ജരാക്കാൻ ‘തംകീൻ’ (Tamkeen) സഹായം നൽകണമെന്നും അവർ നിർദേശിച്ചു. ചില പള്ളി ജീവനക്കാർക്ക് സ്ഥിരം ജോലി ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് 250 ദിനാറോ അതിൽ കുറവോ അലവൻസ് മാത്രം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് എംപി ഖാലിദ് ബുഅനാഖ് ചോദ്യം ചെയ്തു. സമൂഹത്തിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും കിംവദന്തികളെ പ്രതിരോധിക്കുന്നതിലും ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നതിലും മതപ്രഭാഷകർ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും മുഹമ്മദ് മൂസ എംപി കൂട്ടിച്ചേർത്തു.
sdfsdf


