രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്നാഥ് സിംഗ്; രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ആരോപണം
ശാരിക
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് ഭരണ മാറ്റം ലക്ഷ്യമിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷമായ ഇൻഡി സഖ്യവും സിജെപിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, രാഹുൽ ഗാന്ധി തടസരാഷ്ട്രീയമാണ് നടത്തുന്നതെന്നും ജനങ്ങളുടെ വിധിയെ മാനിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
രാജ്യനിർമാണത്തിനും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുമായി യുവജനങ്ങളുടെ ഊർജം വിനിയോഗിക്കുന്നതിനുപകരം, കോൺഗ്രസും അവരുടെ രാഷ്ട്രീയ സഖ്യകക്ഷികളും നേരിട്ടും പിന്തുണക്കുന്ന സംഘടനകളിലൂടെയും രാഷ്ട്രീയ ഏറ്റുമുട്ടലും അരാജകത്വവും പ്രചരിപ്പിക്കാനുള്ള മാർഗമായി അതിനെ മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുകയും രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യുക എന്നതാണ് അവരുടെ ഏക അജണ്ടയെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് യുവാക്കളെ കരുവാക്കി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച രാജ്നാഥ് സിംഗ്, അതിനെ മാപ്പില്ലാത്ത കുറ്റം എന്നാണ് വിശേഷിപ്പിച്ചത്.
1975-ലെ അടിയന്തരാവസ്ഥയും, 1984-ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കേണ്ടത് ജനാധിപത്യം കലാപവും അരാജകത്വവും സൃഷ്ടിക്കാനോ ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനോ ഇന്ത്യയുടെ വികസനയാത്ര തടസ്സപ്പെടുത്താനോ ഉള്ള ലൈസൻസല്ല എന്നതാണ്. ഇന്നലെ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും ഇതേ സന്ദേശമാണ് നൽകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നിയമത്തോടുള്ള ബഹുമാനമാണ് നിയമക്രമം നിലനിർത്തുന്നതിനുള്ള അടിസ്ഥാനം. രാഷ്ട്രീയ സ്വാർത്ഥതയ്ക്കായി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ബലികഴിപ്പിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഐസ പ്രസിഡന്റ് നേഹ ബോറയുടെ ബംഗ്ലാദേശുമായി ബന്ധപ്പെട്ട പരാമർശങ്ങളും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഇൻഡി മുന്നണിയും സിജെപിയും ഭരണ മാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആവർത്തിച്ച് ആരോപിച്ചു.
ssdf

