കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കും; പോയിന്റ് ഓഫ് കോൾ പദവിക്കായി ശ്രമങ്ങൾ ഊർജ്ജിതമാക്കും
ഷീബ വിജയൻ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (KIAL) സമഗ്രവികസനം സാധ്യമാക്കുന്ന രീതിയിലുള്ള വലിയ മാറ്റങ്ങൾ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കണ്ണൂർ വിമാനത്താവളത്തിൽ പുതുതായി പൂർത്തിയാക്കിയ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ജി.ഡി.പിക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബുകളാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കണ്ണൂർ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' (Point of Call) പദവിയില്ലാത്തത് അന്താരാഷ്ട്ര സർവീസുകൾ വ്യാപിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായുള്ള ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) പ്രത്യേക കൺസൾട്ടൻസി സർവീസ് ആരംഭിച്ചിട്ടുണ്ട്. 30 വർഷത്തെ പ്രവർത്തന പരിചയവും ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനത്താവളം നിർമ്മിക്കാനുള്ള മനുഷ്യവിഭവശേഷിയും സിയാലിനുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ദുർഗാപൂർ എയർപോർട്ടിലെ പദ്ധതി സിയാൽ കൺസൾട്ടൻസി സർവീസിന് ലഭ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സൗരോർജ്ജം സംഭരിച്ചുവെക്കാനുള്ള (Solar Energy Storage) സംവിധാനങ്ങളുടെ അഭാവം വലിയൊരു വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, നിലവിൽ പകൽ സമയങ്ങളിൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡിന്റെ ഗ്രിഡിലേക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾക്കും ജനവാസ മേഖലകൾക്കുമായി പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ആരംഭിക്കാൻ പദ്ധതി ആലോചയിലുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
retet

