സ്വകാര്യ ബസ് ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാൻ കൊച്ചി സിറ്റി പോലീസ്; പോലീസ് ക്ലിയറൻസും തിരിച്ചറിയൽ കാർഡും നിർബന്ധം
ഷീബ വിജയൻ
കൊച്ചി: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനായി കൊച്ചി സിറ്റി പോലീസ് പരിശോധന കർശനമാക്കി. കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും മുൻകാല പശ്ചാത്തലവുമാണ് സമാഹരിച്ചു പരിശോധിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം വരുന്ന ബസ് ജീവനക്കാർക്കായി അപേക്ഷ ഫോമുകൾ നൽകിയിട്ടുണ്ട്.
ഇതുവരെ 800 ജീവനക്കാരാണ് വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 600 പേരുടെ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അംഗീകാരം നൽകി. ബാക്കിയുള്ള അപേക്ഷകളിൽ പരിശോധനകൾ നടന്നുവരികയാണ്. ബസ് ഓപ്പറേറ്റർമാർക്ക് പോലീസ് വിതരണം ചെയ്ത പ്രത്യേക ഫോമിലൂടെയാണ് ജീവനക്കാരുടെ മേൽവിലാസം, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ആധാർ നമ്പർ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ശേഖരിക്കുന്നത്.
കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും ഗതാഗത ലംഘനങ്ങളും തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് പോലീസ് കടന്നത്. അടുത്തിടെ കൊച്ചി സിറ്റി പോലീസ് സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ യോഗത്തിൽ എല്ലാ ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) ഔദ്യോഗിക തിരിച്ചറിയൽ കാർഡും നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നു.
ട്രാഫിക് പോലീസിന് ലഭിക്കുന്ന അപേക്ഷകൾ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയാണ് പരിശോധന നടത്തുന്നത്. ജീവനക്കാർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണോ തുടങ്ങിയ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കൂ.
sdfsdf

