തർക്കങ്ങളും വിവാദങ്ങളും തലവേദനയാകുന്നു; വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിക്കാൻ നീക്കം


ഷീബ വിജയൻ

തിരുവനന്തപുരം: അംഗങ്ങളുടെ യോഗ്യതാ തർക്കങ്ങളും ആഭ്യന്തര ഭിന്നതകളും രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ വഖഫ് ബോർഡ് പൂർണ്ണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നു. ഉമർ ഫൈസി മുക്കം അടക്കമുള്ള നാല് അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ വരുന്ന 30-ാം തീയതി ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപോ ശേഷമോ ബോർഡ് പിരിച്ചുവിട്ട് പുതിയ ടീമിനെ നിയമിക്കാനാണ് ഘടകകക്ഷികളുമായുള്ള ആലോചന.

നിലവിലെ ബോർഡിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം നിർണ്ണായകമായ നയപരമായ തീരുമാനങ്ങളെടുക്കാൻ സർക്കാരിന് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ചെയർമാൻ കെ.എസ്. ഹംസ സംസ്ഥാന സർക്കാരിന്റെ നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ബോർഡിന്റെയും വഖഫ് വകുപ്പിന്റെയും സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, മലബാർ മേഖലയിൽ അമുസ്ലിങ്ങളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന തെറ്റായ രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കാനും പുതിയ പ്രതിച്ഛായയുള്ള ബോർഡ് അത്യാവശ്യമാണെന്ന് ഭരണനേതൃത്വം കരുതുന്നു.

അതേസമയം, വഖഫ് ബോർഡ് നിലവിൽ പിരിച്ചുവിടാൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടെന്നും, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസ് നടപടികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മറ്റു അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed