സാംസ്കാരിക സ്ഥാപനങ്ങളിൽ പുതിയ മേധാവികൾ ; കൽപറ്റ നാരായണനും ജി. വേണുഗോപാലിനും നിയമനം
ഷീബ വിജയൻ
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉൾപ്പെടെ സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾക്കു മേധാവികളെ നിയമിച്ചു. പ്രമുഖ എഴുത്തുകാരൻ കൽപറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷൻ. ഗായകൻ ജി. വേണുഗോപാൽ സംഗീത നാടക അക്കാദമിയുടെയും നടൻ പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷന്റെയും അധ്യക്ഷരാവും. ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടൻ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിർമാതാവ് എം. രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനാവും. ഡോ. പ്രകാശ് മൂർത്തിയാണ് ലളിതകലാ അക്കാദമി ചെയർമാൻ.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം. അക്കാദമികളുടെയും മറ്റു സാംസ്കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
കവി, നോവലിസ്റ്റ്, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കൽപറ്റ നാരായണൻ കോൺഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദൻ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു.
എൽഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാർ പിന്നീട് സർക്കാരുമായുള്ള അസ്വാരസ്യത്തിൽ ഒഴിഞ്ഞിരുന്നു. തുടർന്ന് യുഡിഎഫിന് ഒപ്പമെത്തിയ പ്രേംകുമാറിന് ചലച്ചിത്ര വികസന കോർപ്പറേഷനിലാണ് നിയമനം.
dfsdfsdfs

