റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!


ഷീബ വിജയൻ

ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം. രാത്രി 12.30 അരങ്ങേറുന്ന മത്സരത്തിൽ പോർച്ചുഗൽ കരുത്തരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത 2 ഇതിഹാസ താരങ്ങളിൽ ഒരാൾ ലോക കിരീടമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വരും. പോർച്ചുഗൽ നായകനും സൂുപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയും ക്രൊയേഷ്യൻ എൻജിനും നായകനുമായ ലൂക്ക മോഡ്രിച്ചും തമ്മിലാണ് പോരാട്ടം. ഇരുവരിൽ ഒരാൾക്ക് ഇന്ന് തോൽവിയോടെ മടങ്ങാം.

റയൽ മാഡ്രിഡിന്റെ സുവർണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതിയ ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. പ്രായം നാൽപ്പതുകളിലെത്തി നിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ഇരുവരിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം കൂടിയായിരിക്കും ഇത്. ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്. മോഡ്രിച്ചിന് അഞ്ചാമത്തേതും. കിരീടമാഗ്രഹിച്ച് തന്നെയാണ് 41-ാം വയസിലും ക്രിസ്റ്റ്യാനോ റൊണാൽഡോ ആറാം ലോകകപ്പ് കളിക്കാനെത്തിയത്. പക്ഷേ ഈ ലോകകപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും മുഴുവൻ സമയവും കളിച്ചിട്ടും കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഉസ്ബെക്കിസ്ഥാനെതിരെ നേടിയ രണ്ട് ഗോളുകൾ മാറ്റിനിർത്തിയാൽ ഒരു അസിസ്റ്റ് പോലും 41കാരനായ റൊണാള്‍ഡോയുടെ പേരിലില്ല. മത്സരങ്ങൾക്ക് മുൻപ് ആരാധകർ ആവേശത്തോടെ ഏറ്റുവിളിച്ച അയാം ബാക്ക് എന്ന വാചകം പോലും ഇപ്പോൾ വിമർശകരുടെ പരിഹാസച്ചുവയുള്ള ട്രോളുകളായി മാറിക്കഴിഞ്ഞു. അതിനൊക്കെയപ്പുറം കരിയറിൽ ഇന്നേവരെ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന കുറവും അദ്ദേഹത്തിനുണ്ട്. ഇന്ന് ആ ചരിത്രങ്ങളൊക്കെ തിരുത്താനുള്ള അവസരമാണ്.

കുറച്ചു കാലമായി ക്രൊയേഷ്യൻ ടീമിന്റെ ഉലകും ഉയിരും ലൂക്ക മോഡ്രിച്ചാണ്. 2018ൽ ലോകകപ്പിന്റെ ഫൈനൽ വരെ അവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഐതിഹാസിക നായകൻ. 2022ൽ സെമി ഫൈനൽ വരെ ടീമിനെ എത്തിച്ച മാന്ത്രികൻ. പ്രായം 40തിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും കളിയുടെ വേഗതയ്ക്ക് മൂർച്ച കുറയുന്നുണ്ടെങ്കിലും കളിയുടെ കടിഞ്ഞാൺ ഇപ്പോഴും ലൂക്കയിൽ തന്നെ. ഇതിഹാസ താരങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം. വൺ ലാസ്റ്റ് ‍ഡാൻസിൽ ആര് തിളങ്ങും ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലൂക്ക മോഡ്രിച്ചോ എന്ന് കാത്തിരുന്ന് കാണാം.

article-image

dsdsdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed