വിവാദങ്ങൾക്കൊടുവിൽ ജുഡീഷ്യറി അധ്യായം 'ക്ലീൻ'; തിരുത്തിയ എൻസിഇആർടി പാഠപുസ്തകങ്ങൾ ജൂണിൽ സ്കൂളുകളിലേക്ക്


ഷീബ വിജയൻ

ന്യൂഡൽഹി: ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ എൻസിഇആർടി (NCERT) സാമൂഹ്യശാസ്ത്ര പാഠപുസ്തകം ആവശ്യമായ തിരുത്തലുകളോടെ ജൂൺ അവസാനത്തോടെ വീണ്ടും വിതരണത്തിനെത്തും. ‘എക്സ്‍പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെയും കേസുകൾ കെട്ടിക്കിടക്കുന്നതിനെയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെ സുപ്രീം കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി നിർദ്ദേശപ്രകാരം പുസ്തകം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്.

കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അനുസരിച്ചാണ് പുതിയ പരിഷ്കരണങ്ങൾ വരുത്തിയിട്ടുള്ളത്. പുതുക്കിയ പതിപ്പിൽ നിന്ന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, പുസ്തകം തയാറാക്കിയ സമിതിയിലെ മൂന്ന് വിദഗ്ധരായ പ്രൊഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്ന കുമാർ എന്നിവരെ കരിമ്പട്ടികയിൽ പെടുത്തണമെന്ന മുൻ ഉത്തരവ് സുപ്രീംകോടതി പരിഷ്കരിക്കുകയും ഇവർക്ക് അക്കാദമിക് പ്രൊജക്ടുകളിൽ സഹകരിക്കുന്നതിൽ സർക്കാരുകൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. പരിഷ്‍കരിച്ച പുസ്തകങ്ങൾ ജൂൺ മൂന്നാം വാരത്തോടെ സ്കൂളുകളിൽ എത്തിത്തുടങ്ങും.

article-image

asdsdasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed