എല്ലാം ചെയ്യിച്ചത് എഡിജിപി; ‘രക്ഷാപ്രവർത്തനം’നടന്നത് പോലീസ് തലപ്പത്ത്, പേരെടുത്തുപറയാതെ SIT റിപ്പോർട്ട്
ഷീബ വിജയൻ
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ഗുരുതര റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ വൻ അട്ടിമറി നടന്നതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ആലപ്പുഴ സെഷൻസ് കോടതിയിൽ നൽകിയിട്ടുള്ളത്. പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി എഡിജിപിയുടെ ഓഫീസിൽ വെച്ച് വ്യാജരേഖകളും തെറ്റായ നറേറ്റീവുകളും ചമച്ചതായും കേസ് ഡയറിയിൽ തന്നെ തിരിമറി നടത്തിയതായും എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനം പോലീസ് ഫോട്ടോഗ്രാഫർ ദൃശ്യങ്ങളിൽ പകർത്തിയിട്ടുണ്ടെന്ന തരത്തിലുള്ള മുൻ റഫർ റിപ്പോർട്ടിലെ വാദങ്ങൾ പൂർണ്ണമായും കള്ളമാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. താൻ മർദ്ദന ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് പോലീസ് ഫോട്ടോഗ്രാഫർ തന്നെ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷിക്കാൻ നടത്തിയ ഈ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ചൊവ്വാഴ്ച കോടതി ഈ റിപ്പോർട്ട് വിശദമായി പരിശോധിക്കും.
szxsasa

