ഫോൺകോൾ വിവാദം: സുജിത് ദാസിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി.വി. അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി
ഷീബ വിജയൻ
വിവാദമായ ഫോൺകോൾ കേസിൽ മുൻ മലപ്പുറം എസ്.പി. സുജിത് ദാസിനെതിരെ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി പി.വി. അൻവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും, 2024-ൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് അനധികൃതമായി മരം മുറിച്ചുകടത്തിയെന്ന കേസിൽ വീണ്ടും അന്വേഷണം വേണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. നിലവിൽ യു.ഡി.എഫ് ക്യാമ്പിലുള്ള പി.വി. അൻവർ, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് തന്നോട് മരംമുറി പരാതി പിൻവലിക്കാൻ ആവശ്യപ്പെടുന്ന രഹസ്യ ഫോൺസംഭാഷണം നേരത്തെ പുറത്തുവിട്ടിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി) മുൻ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായും, തന്റെ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹാജരാകാൻ തനിക്ക് നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും അൻവർ ആരോപിക്കുന്നു.
അന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെയും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും വലിയ രാഷ്ട്രീയ ആരോപണങ്ങൾക്കും കരിപ്പൂർ സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കും ഈ ഫോൺകോൾ വഴിവെച്ചിരുന്നു. തുടർന്ന് 2024 സെപ്റ്റംബറിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും സുജിത് ദാസിനെ പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷിച്ചെങ്കിലും ഒടുവിൽ സുജിത് ദാസിനും അജിത് കുമാറിനും എസ്.ഐ.ടി ക്ലീൻ ചീറ്റ് നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് ഭരണകാലത്ത് കേസിൽ പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി അൻവർ ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
ൗ൨൧ാൗൈാൗൈൗൈാ

