ബഹ്‌റൈനിൽ മോട്ടോർ സൈക്കിൾ ലൈസൻസുകളുടെ എണ്ണത്തിൽ വൻ വർധന; എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിൽ മോട്ടോർ സൈക്കിൾ ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2018-ൽ 2,387 ആയിരുന്ന മോട്ടോർ സൈക്കിൾ ലൈസൻസുകൾ 2025-ൽ 5,350 ആയി ഉയർന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടൽ വഴിയാണ് സ്വകാര്യ, പൊതു, മോട്ടോർ സൈക്കിൾ വിഭാഗങ്ങളിലെ ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
ആദ്യ വർഷങ്ങളിൽ നേരിയ മാറ്റങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ ഉണ്ടായതെങ്കിലും അവസാന വർഷങ്ങളിൽ വലിയ കുതിച്ചുചാട്ടം പ്രകടമാണ്. 2018-ൽ 2,387 ആയിരുന്നത് 2020-ൽ 2,512 ആയി. എന്നാൽ 2021-ൽ ഇത് 2,380 ആയി കുറഞ്ഞു. തുടർന്ന് 2022-ൽ 4,044 ആയും 2025-ൽ എട്ട് വർഷത്തെ റെക്കോർഡ് നിലയായ 5,350 ആയും വർധിച്ചു.
മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യ ലൈസൻസുകൾ (Private Licenses) തന്നെയാണ് ഇപ്പോഴും ഏറ്റവും മുന്നിലുള്ളത്. 2018-ൽ 56,125 ആയിരുന്ന ഇവ 2020-ൽ 40,430 ആയി കുറഞ്ഞെങ്കിലും, തുടർവർഷങ്ങളിൽ വർധിച്ച് 2025-ൽ 44,433-ൽ എത്തി. അതേസമയം പബ്ലിക് ലൈസൻസുകളുടെ എണ്ണം എല്ലാ വർഷവും വളരെ കുറവായിരുന്നു. 2018-ൽ 342 ആയിരുന്ന പബ്ലിക് ലൈസൻസുകൾ 2025-ൽ 254 ആണ് രേഖപ്പെടുത്തിയത്.
പൊതുവെ സ്വകാര്യ ലൈസൻസുകൾ വലിയ വിഹിതം കൈയ്യാളുമ്പോഴും, മോട്ടോർ സൈക്കിൾ ലൈസൻസ് നേടുന്നവരുടെ എണ്ണത്തിലുണ്ടായ ഈ വൻ വർധനവ് ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
aa

