പൗരത്വ സംബന്ധമായ തീരുമാനങ്ങൾ ഇനി കോടതിക്ക് പുറത്ത്; സുപ്രധാന ഭേദഗതിക്ക് അംഗീകാരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പൗരത്വം നൽകുന്നതും റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണകൂടത്തിന്റെ പരമാധികാര പരിധിയിൽ വരുന്നതാണെന്നും ഇവ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്ന ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. 2024-ലെ ഡിക്രി നിയമം 13 പ്രകാരം ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ ആർട്ടിക്കിൾ 7-ലാണ് ഭേദഗതി വരുത്തിയത്. ഇതോടെ പൗരത്വവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള കോടതിയുടെ അധികാരം ഇല്ലാതാകും.
പൗരത്വ വിഷയങ്ങൾ ദേശീയ സുരക്ഷയുമായും രാജ്യത്തിന്റെ പരമാധികാരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണെന്ന് നീതിന്യായ, ഇസ്‌ലാമിക് കാര്യ മന്ത്രി നവാഫ് അൽ മാവ്ദ പറഞ്ഞു. ഇവ നിയമപരമായ ശിക്ഷകളല്ല, മറിച്ച് ഭരണപരമായ തീരുമാനങ്ങളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പൗരത്വം നൽകുന്നതിലും പിൻവലിക്കുന്നതിലും സർക്കാരിന് പ്രത്യേക വിവേചനാധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരത്വ നിയമങ്ങളിലെ ഈ ഭേദഗതി അനിവാര്യമാണെന്ന് പാർലമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പൗരത്വം എന്നത് രാജ്യത്തോടുള്ള കൂറും ആഭിമുഖ്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പൗരത്വം റദ്ദാക്കാൻ നിലവിലെ നിയമം അധികാരം നൽകുന്നുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത എംപിമാർ ചൂണ്ടിക്കാട്ടി. 1963-ലെ പൗരത്വ നിയമത്തിൽ ഇത്തരം വിഷയങ്ങളിൽ നിയമപരമായ വെല്ലുവിളികൾ അനുവദിച്ചിരുന്ന വ്യവസ്ഥകൾ ഇതോടെ റദ്ദാക്കപ്പെട്ടു.
AA



