ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടഞ്ഞുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു. പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. ഇറാനിലേക്കോ തിരിച്ചോ ഉള്ള എല്ലാ കപ്പലുകളും യുഎസ് നേവി തടയുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ പല കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചർച്ചകൾ അലസാൻ കാരണമായതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ കുറിച്ചു. "ചർച്ചകൾ നന്നായി നടന്നു, മിക്ക കാര്യങ്ങളിലും ധാരണയായിരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ആണവ വിഷയത്തിൽ ഉടമ്പടിയിലെത്താൻ സാധിച്ചില്ല," ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഇറാൻ ഏർപ്പെടുത്തിയ നിയമവിരുദ്ധമായ നികുതി (Toll) നൽകുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് തടയാനും പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. "നിയമവിരുദ്ധമായി നികുതി നൽകുന്ന ഒരാൾക്കും കടലിൽ സുരക്ഷിതമായ യാത്ര അനുവദിക്കില്ല. സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ വെടിയുതിർക്കുന്ന ഏതൊരു ഇറാനിയനെയും ചുട്ടുകൊല്ലും " എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഉപരോധം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് അറിയിച്ചതോടെ ആഗോള തലത്തിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയാണിത്. നിലവിലെ വെടിനിർത്തൽ കരാർ ഇതോടെ അവസാനിച്ചേക്കുമെന്നും പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുമെന്നും ആശങ്കയുണ്ട്.
aa




