നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ജാതി അധിക്ഷേപ ആരോപണവുമായി കുടുംബം; ഡിജിപിക്ക് പരാതി നൽകും
ഷീബ വിജയൻ I കേരളം
കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിതിന്റേത് ആത്മഹത്യയല്ലെന്നും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും സഹോദരി ഭർത്താവ് അശോക് കുമാർ ആരോപിച്ചു. വീട്ടിലേക്ക് വരുമെന്ന് ഉറപ്പുനൽകിയ നിതിൻ പെട്ടെന്ന് ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
കോളേജിലെ അധ്യാപകർ നിതിനെ ജാതീയമായും വംശീയമായും നിറത്തിന്റെ അടിസ്ഥാനത്തിലും നിരന്തരം വേട്ടയാടിയിരുന്നതായി കുടുംബം വെളിപ്പെടുത്തി. വകുപ്പ് മേധാവി നിതിനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ചതായും അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നിൽ വച്ച് അപമാനിച്ചിരുന്നതായും ഇളയ സഹോദരി നിഖിത പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിതിൻ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ കോളേജ് അധികൃതർക്ക് പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ഉറച്ച വിശ്വാസം.
മരണത്തിന് മുൻപ് നിതിൻ അയച്ച ശബ്ദസന്ദേശങ്ങൾ ഈ ആരോപണങ്ങളെ ശരിവെക്കുന്നവയാണ്. സ്റ്റാഫ് റൂം എന്നത് അധ്യാപകർ കൂട്ടമായി വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന സ്ഥലമാണെന്നും തന്നെ നിരന്തരം അപമാനിക്കുന്നതിൽ അങ്ങേയറ്റം ക്ഷമിച്ചതായും നിതിൻ ശബ്ദരേഖയിൽ പറയുന്നുണ്ട്. അധ്യാപകർ തന്റെ കൈകാലുകൾ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാരെ കളിയാക്കി സംസാരിച്ചതായും നിതിൻ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
ഇന്റേണൽ മാർക്ക് കുറച്ചത് വീട്ടുകാർക്കുള്ള 'സർപ്രൈസ്' ആണെന്ന് പറഞ്ഞ് അധ്യാപകർ ക്രൂരമായി പരിഹസിച്ചിരുന്നതായും ശബ്ദരേഖയിലുണ്ട്. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്ന് പറയുന്ന നിതിൻ, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളാണ് നൽകിയിരിക്കുന്നത്. ഇത്രയധികം മാനസിക പീഡനങ്ങൾ കോളേജിൽ നടന്നിട്ടും അധികൃതർ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
dsgdf




