ബഹ്‌റൈനിൽ സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക്; വിദ്യാർത്ഥികൾക്ക് രണ്ട് ഓപ്ഷനുകൾ നൽകി വിദ്യാഭ്യാസ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സ്കൂളുകളിൽ എല്ലാ വിദ്യാഭ്യാസ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കായി നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ 19 ഞായറാഴ്ച മുതൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്തി പഠനം തുടരാം. നേരിട്ടുള്ള പഠനം വേണോ അതോ ദൂരപഠനം തുടരണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്. ഇതിനായി സ്കൂൾ അധികൃതർ ഈ ആഴ്ച തന്നെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് അവരുടെ താൽപ്പര്യം സ്ഥിരീകരിക്കും.
സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ, അധ്യയന രീതി നിശ്ചയിക്കാനുള്ള അധികാരം അതത് സ്കൂൾ ഭരണസമിതികൾക്കാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഓൺലൈൻ പഠനമോ നേരിട്ടുള്ള ക്ലാസുകളോ അവർക്ക് തിരഞ്ഞെടുക്കാം. എന്നാൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്ന തീയതികൾ മന്ത്രാലയത്തെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ്സുകളുടെ സ്വഭാവം അനുസരിച്ച് നേരിട്ടുള്ള ക്ലാസുകളോ അല്ലെങ്കിൽ ഓൺലൈൻ പഠനവും നേരിട്ടുള്ള പഠനവും ചേർന്നുള്ള രീതിയോ നടപ്പിലാക്കാവുന്നതാണ്. ബിരുദം പൂർത്തിയാക്കാനിരിക്കുന്നവർക്കും പ്രാക്ടിക്കൽ പരിശീലനം ആവശ്യമുള്ളവർക്കും നേരിട്ടുള്ള ക്ലാസുകൾക്ക് മുൻഗണന നൽകണം.
വിദ്യാഭ്യാസ പ്രക്രിയയുടെ വഴക്കവും തുടർച്ചയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ വ്യക്തമാക്കി. നിലവിലെ സാഹചര്യം വിശദമായി പഠിച്ച ശേഷമാണ് മാറ്റങ്ങൾ വരുത്തിയത്. നഴ്‌സറികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള സേവനങ്ങൾ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു. അസാധാരണ സാഹചര്യത്തിലും വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോയ അധ്യാപകരെയും ജീവനക്കാരെയും മന്ത്രി പ്രശംസിച്ചു.
േ്ിേി




