സ്വദേശിവൽക്കരണത്തിൽ മുന്നേറി അൽബയും ബഹ്റൈൻ എയർപോർട്ട് കമ്പനിയും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങളായ അലുമിനിയം ബഹ്‌റൈനിലും (അൽബ) ബഹ്‌റൈൻ എയർപോർട്ട് കമ്പനിയിലും (ബി.എ.സി) സ്വദേശിവൽക്കരണ നിരക്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്ന നിലയിലെത്തിയതായി മുംതലകാത്ത് വ്യക്തമാക്കി. എം.പി ഡോ. ഹിഷാം അൽ അഷീരിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ നേട്ടം വെളിപ്പെടുത്തിയത്.

അൽബയിലെ ആകെ ജീവനക്കാരിൽ 87 ശതമാനവും ബി.എ.സിയിൽ 89 ശതമാനവും ബഹ്‌റൈൻ സ്വദേശികളാണ്. ബന്ധപ്പെട്ട അധികൃതർ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന സ്വദേശിവൽക്കരണ നിരക്കാണിത്. എന്നാൽ, അതീവ വൈദഗ്ധ്യം ആവശ്യമുള്ള ചില തസ്തികകളിൽ നിലവിൽ വിദേശികൾ തുടരുന്നുണ്ട്. സ്വദേശി ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി ഈ സ്ഥാനങ്ങൾ ഘട്ടംഘട്ടമായി കൈമാറാനാണ് കമ്പനികളുടെ തീരുമാനം.

ബി.എ.സിയിലെ എക്സ്-റേ മെഷീൻ ഓപ്പറേറ്റർ തസ്തികകൾ ഏപ്രിൽ മാസത്തോടെ പൂർണ്ണമായും സ്വദേശികൾക്ക് കൈമാറും. ഇതിനാവശ്യമായ പരിശീലന പരിപാടികൾ പൂർത്തിയായി വരികയാണ്. അൽബയിൽ പരിസ്ഥിതി ഗവേണൻസ്, എസ്.എ.പി (SAP) പോലുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങൾ, ഇൻഫർമേഷൻ സയൻസ്, ഹൈ-വോൾട്ടേജ് പവർ കൺവേർഷൻ, മെറ്റലർജി തുടങ്ങിയ സാങ്കേതിക മേഖലകളിലാണ് നിലവിൽ വിദേശികൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലേക്കും യോഗ്യരായ സ്വദേശികളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

തൊഴിലാളികളുടെ കരിയർ പ്ലാനിംഗ്, പ്രകടന വിലയിരുത്തൽ, പ്രത്യേക പരിശീലന പദ്ധതികൾ എന്നിവയിലൂടെ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് മംതലകാത്ത് ലക്ഷ്യമിടുന്നത്. അൽബയിൽ ഇതിനായി 'ബ്രിഡ്ജ്', 'സ്റ്റാർ' തുടങ്ങിയ പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുന്നുണ്ട്. കൂടാതെ, ഉയർന്ന വിദ്യാഭ്യാസത്തിനായി ഡിപ്ലോമ, ബാച്ചിലർ, മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടുന്നതിനും കമ്പനി ജീവനക്കാരെ സഹായിക്കുന്നു.

രാജ്യത്തെ പ്രധാന തൊഴിൽ മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വദേശികളെ ശാക്തീകരിക്കാനും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുംതലകാത്ത് കൂട്ടിച്ചേർത്തു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed