മദ്യപിച്ച് വാഹനമോടിച്ച് റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറി; 74-കാരന് 3,000 ദിനാർ പിഴ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ അംവാജിൽ മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ച് മറ്റൊരു കാറിലും റെസ്റ്റോറന്റിലും മരങ്ങളിലും ഇടിച്ചുകയറി അപകടമുണ്ടാക്കിയ ബ്രിട്ടീഷ് പൗരന് കോടതി 3,000 ബഹ്‌റൈനി ദിനാർ പിഴ ശിക്ഷ വിധിച്ചു. 74 വയസ്സുകാരനായ പ്രതിയുടെ രക്തത്തിൽ മദ്യത്തിന്റെ അളവ് വളരെ കൂടുതലായിരുന്നിട്ടും, വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജയിൽ ശിക്ഷ ഒഴിവാക്കി പിഴയിൽ ഒതുക്കുകയായിരുന്നു.
അമിതമായി മദ്യപിച്ചതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. പ്രതി സഞ്ചരിച്ചിരുന്ന കാർ ആദ്യം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ആ കാർ സമീപത്തെ മതിലിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. തുടർന്ന് നിയന്ത്രണം വിട്ട കാർ ഒരു റെസ്റ്റോറന്റിന്റെ ഗ്ലാസ് വാതിലിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മൂന്ന് മരങ്ങളിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. അപകടത്തിൽ മറ്റൊരു കാറിനും മതിലിനും റെസ്റ്റോറന്റിനും മരങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ശരീരത്തിൽ മദ്യത്തിന്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. വാഹനം നിയന്ത്രിക്കാൻ കഴിയാത്ത വിധം അദ്ദേഹം ലഹരിയിലായിരുന്നുവെന്ന് ട്രാഫിക് റിപ്പോർട്ടും വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
ddg




