സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് അൻപത് ശതമാനം കടന്നു
ഷീബ വിജയൻ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ഉച്ചകഴിഞ്ഞതോടെ അൻപത് ശതമാനം പിന്നിട്ടു. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമാകുന്നത്. നിലവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 52.94 ശതമാനം വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചു. അതേസമയം കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്; 47.61 ശതമാനം.
സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ പോളിംഗ് ശതമാനം പരിശോധിക്കുമ്പോൾ തൃശൂർ (50.48), പാലക്കാട് (51.27), കോഴിക്കോട് (50.10) എന്നീ ജില്ലകളിലും പോളിംഗ് അൻപത് കടന്നിട്ടുണ്ട്. തിരുവനന്തപുരം (49.34), കൊല്ലം (48.90), പത്തനംതിട്ട (48.35), ആലപ്പുഴ (49.77), കോട്ടയം (49.22), ഇടുക്കി (49.56), മലപ്പുറം (48.31), വയനാട് (49.32), കണ്ണൂർ (48.50) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടിംഗ് നിലവാരം. മൂന്നാം തവണയും അധികാരം നിലനിർത്താൻ എൽഡിഎഫും പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും പോരാടുന്ന ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാൻ എൻഡിഎയും രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2,71,42,952 വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 1.39 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 273 ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. കനത്ത ചൂടിനെപ്പോലും അവഗണിച്ച് വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തെമ്പാടും കാണുന്നത്. വൈകുന്നേരം ആറ് മണി വരെ പോളിംഗ് തുടരും.
ോ്േോേ്ോ്േ




