ഇനി ലക്ഷ്യം പാലങ്ങളും, വൈദ്യുതി നിലയങ്ങളുമെന്ന് ഡൊണാൾഡ് ട്രംപ്


ശാരിക I അന്തർദേശീയം

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ ഇറാനെ പൂർണ്ണമായും തകർക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാനിൽ അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടി നശിപ്പിക്കുമെന്നും അടുത്ത ലക്ഷ്യം പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ടെഹ്‌റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന ബി1 പാലം അമേരിക്കൻ സേന തകർക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ കൊണ്ട് ഇറാൻ കീഴടങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി തിരിച്ചടിച്ചു.

യുദ്ധം ഇറാൻ അതിർത്തികൾ കടന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കുവൈറ്റിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു. സമാനമായ രീതിയിൽ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ഏഴ് ഡ്രോണുകൾ തങ്ങളുടെ പ്രതിരോധ സേന വെടിവെച്ചിട്ടതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപിന് സമീപവും ബുഷെറിലെ റെഡ് ക്രസന്റ് വെയർഹൗസിന് നേരെയും ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനിടെ മധ്യ ഇറാനിൽ വെച്ച് അമേരിക്കയുടെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം വ്യക്തമാക്കുന്നത്. എന്നാൽ ഈ അവകാശവാദത്തോട് പ്രതികരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം അമേരിക്കൻ സേനയുടെ നീക്കങ്ങളും ട്രംപിന്റെ പ്രസ്താവനകളും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരാമെന്നും നൂറിലധികം നിയമവിദഗ്ധർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ നിഴലിക്കുന്നത്.

article-image

sadsaads

You might also like

  • NEC

Most Viewed