വിപണി സുരക്ഷിതം; ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തി ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ : രാജ്യത്തെ വിപണികളിൽ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേരിട്ട് ഹൈപ്പർ മാർക്കറ്റുകളിൽ സന്ദർശനം നടത്തി.

ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശാനുസരണമായിരുന്നു ഈ സന്ദർശനം. സപ്ലൈ ചെയിൻ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും വിപണിയിൽ സാധനങ്ങൾ സുലഭമാണെന്നും ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇറക്കുമതിയും വിതരണവും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് രാജ്യത്തിന്റെ മുൻഗണനയാണെന്ന് സന്ദർശന വേളയിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. വിപണിയിലെ ഈ സ്ഥിരത ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാൻ സ്വകാര്യ മേഖലയും സർക്കാർ അതോറിറ്റികളും തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സപ്ലൈ ചെയിൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിപണിയിലെ സ്റ്റോക്ക് നിലയും വിതരണവും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രോ പറഞ്ഞു.

ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രോ എന്നിവരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed