പരിക്കേറ്റവരെ സന്ദർശിച്ച് കിരീടാവകാശി; ആരോഗ്യപ്രവർത്തകരുടെ സേവനത്തെ അഭിനന്ദിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സന്ദർശിച്ചു.
ആശുപത്രിയിലെത്തിയ അദ്ദേഹം ഓരോരുത്തരുടെയും ആരോഗ്യനില ചോദിച്ചറിയുകയും അവർക്ക് നൽകുന്ന ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. അടിയന്തര സാഹചര്യം നേരിടുന്നതിൽ ആരോഗ്യപ്രവർത്തകർ പുലർത്തുന്ന അതീവ ജാഗ്രതയെയും സന്നദ്ധതയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ടീമുകൾ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സന്ദർശന വേളയിൽ അദ്ദേഹം ആവർത്തിച്ചു.
ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ ജലീല ബിന്ത് അൽ സഈദ് ജവാദ് ഹസൻ, ബഹ്റൈൻ ധനകാര്യമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ മറിയം അൽ ജലാമ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
aaa


