വിദേശ പങ്കാളിത്തമുള്ള കമ്പനികൾക്ക് 30,000 ദിനാർ ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കാൻ സാധ്യത; ബഹ്റൈൻ പാർലമെന്റ് നിയമം പാസാക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിൽ വിദേശ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനികൾക്ക് 30,000 ബഹ്റൈനി ദിനാർ (ഏകദേശം 66 ലക്ഷം രൂപ) ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കുന്ന നിയമ ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. വാണിജ്യ കമ്പനി നിയമത്തിലെ 264-ാം വകുപ്പിലാണ് നിർണ്ണായകമായ ഈ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ നിയമഭേദഗതി നിർദേശ പ്രകാരം ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനികൾ ബഹ്റൈനിലെ അംഗീകൃത ബാങ്ക് വഴി വാണിജ്യ മന്ത്രാലയത്തിന് നിശ്ചിത തുക ഈട് നൽകണം. കമ്പനി പ്രവർത്തിക്കുന്ന കാലയളവിലുടനീളം ഈ ഗ്യാരണ്ടി നിലനിൽക്കണമെന്നാണ് നിർദേശത്തിലെ വ്യവസ്ഥ. സ്വദേശി വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഗൗരവകരമല്ലാത്ത നിക്ഷേപങ്ങളെ നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
അതേസമയം, നിയമം നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രോ മുന്നറിയിപ്പ് നൽകി. രാജ്യത്തെ 18,000-ലധികം സ്ഥാപനങ്ങൾ സ്വദേശികൾ വിദേശികളുമായി ചേർന്ന് നടത്തുന്നതാണെന്നും ഇവർക്ക് ഈ നിയമം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് നടപടികൾ എളുപ്പമാക്കാനുള്ള രാജ്യത്തിന്റെ നയത്തിന് ഇത് വിരുദ്ധമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നിക്ഷേപകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത്തരം കടുപ്പമേറിയ നടപടികൾ ആവശ്യമാണെന്ന് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്ത, ഡോ മറിയം അൽ ദീൻ എന്നിവർ ഉൾപ്പെടെയുള്ള എം.പിമാർ വാദിച്ചു. 30,000 ദിനാർ പോലും ഗ്യാരണ്ടി നൽകാൻ കഴിയാത്തവർ നിക്ഷേപം നടത്തുന്നതിലെ യുക്തിയെ അവർ ചോദ്യം ചെയ്തു. പാർലമെന്റ് പാസാക്കിയ ഈ ഭേദഗതി ഇനി ഉപരിസഭയായ ശൂറ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
sdg


