ഇലക്ട്രോണിക്സ് സാധനങ്ങളുടെ തവണ വ്യവസ്ഥയിലുള്ള വിൽപ്പനയ്ക്ക് നിയന്ത്രണം; ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനങ്ങൾ നടപ്പിലാക്കി വരുന്ന ഗഡുക്കളായുള്ള (Instalment) വിൽപ്പന രീതിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്ന നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് ഐക്യകണ്ഠേന അംഗീകാരം നൽകി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കരാറുകളും മറച്ചുവെച്ച ഫീസുകളും ഇല്ലാതാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഹമദ് അൽ ദോയ് ഉൾപ്പെടെ അഞ്ച് എംപിമാരാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുമ്പോൾ, അതിന്റെ യഥാർത്ഥ വിലയും ഗഡുക്കളായി അടച്ചുതീർക്കുമ്പോൾ വരുന്ന ആകെ തുകയും കരാറിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പലപ്പോഴും ആകർഷകമായ പരസ്യങ്ങളിൽ ആകൃഷ്ടരായി കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളും യുവാക്കളും ഇത്തരം പദ്ധതികളിൽ ചേരാറുണ്ടെന്നും, എന്നാൽ നിബന്ധനകൾ വ്യക്തമല്ലാത്തതിനാൽ പിന്നീട് വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് ഇവർ തള്ളപ്പെടുകയാണെന്നും എംപി ഹമദ് അൽ ദോയ് ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു. പാർലമെന്റ് അംഗീകരിച്ച ഈ നിർദ്ദേശം തുടർനടപടികൾക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചു. ഇതോടെ വരും ദിവസങ്ങളിൽ ഇലക്ട്രോണിക്സ് വിപണിയിൽ കൂടുതൽ കർശനമായ ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

dssf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed