ബഹ്‌റൈനിൽ 'ഫാഇലുൽ ഖൈർ' പദ്ധതി: ബദൽ ശിക്ഷാ നിയമപ്രകാരമുള്ളവർ റമദാൻ കിറ്റുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന 'ഫാഇലുൽ ഖൈർ' (നന്മ ചെയ്യുന്നവൻ) പദ്ധതിയുടെ ഭാഗമായി റമദാൻ കിറ്റുകൾ വിതരണം ചെയ്തു. ആൾട്ടർനേറ്റീവ് സെന്റൻസിങ് ആന്റ് പണിഷ്മെന്റ് (ബദൽ ശിക്ഷാ നിയമം) വിഭാഗത്തിന്റെ നേതൃത്വത്തിൽ നോർത്തേൺ ഗവർണറേറ്റിന്റെ ഏകോപനത്തിലും ക്യാപിറ്റൽ, സതേൺ ഗവർണറേറ്റുകളുടെ സഹകരണത്തിലുമാണ് വിതരണം നടന്നത്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ബദൽ ശിക്ഷ അനുഭവിക്കുന്നവരെക്കൂടി ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാക്കി എന്നത് ശ്രദ്ധേയമാണ്. ഇവരില് സന്നദ്ധസേവന മനോഭാവവും ഉത്തമ പൗരബോധവും വളർത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങാകാനും സാമൂഹിക ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പദ്ധതിയുമായി സഹകരിച്ച വിവിധ ഗവർണറേറ്റുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വിഭാഗം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. ബഹ്‌റൈൻ സമൂഹത്തിന്റെ തനതായ സംസ്കാരവും ഇസ്‌ലാമിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

article-image

cvsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed