ദുരിതങ്ങൾക്കൊടുവിൽ ബൽബിർ സിംഗ് നാട്ടിലേക്ക്; കൈത്താങ്ങായി ടീം ഹോപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ജീവിതത്തിലെ കഠിനമായ പ്രതിസന്ധികൾക്കിടയിൽ തുണയായി എത്തിയ ടീം ഹോപ്പിന്റെ കനിവിൽ പഞ്ചാബ് സ്വദേശി ബൽബിർ സിംഗ് ജന്മനാട്ടിലേക്ക് മടങ്ങി. രോഗവും രേഖകളില്ലാത്ത അവസ്ഥയും മൂലം ദുരിതത്തിലായിരുന്ന ഇദ്ദേഹത്തിന് താങ്ങായി പ്രവാസി സന്നദ്ധ സംഘടനയായ ടീം ഹോപ്പ് രംഗത്തിറങ്ങുകയായിരുന്നു.

ബഹ്‌റൈനിൽ സ്‌പോൺസർക്ക് കീഴിൽ ജോലി ചെയ്തുവരികയായിരുന്നു ബൽബിർ സിംഗ്. ഇതിനിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടത് ഇദ്ദേഹത്തെ നിയമക്കുരുക്കിലാക്കി. ഇതിനിടെ പ്രമേഹം വർദ്ധിച്ചതിനെത്തുടർന്ന് ഒരു കാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നതോടെ ബൽബിർ സിംഗിന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഈ ഘട്ടത്തിലാണ് ടീം ഹോപ്പ് പ്രവർത്തകർ സഹായഹസ്തവുമായി എത്തിയത്.

പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസിനുമുള്ള നടപടികൾക്ക് ടീം ഹോപ്പ് നേതൃത്വം നൽകി. ഇതിനായി 65 ദിനാർ സംഘടന അനുവദിച്ചു. ഐ.സി.ആർ.എഫ് (ICRF) നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകിയപ്പോൾ, ഹംസ കൊയിലാണ്ടി ഗൾഫ് കിറ്റ് സ്പോൺസർ ചെയ്തു. കൂടാതെ നാട്ടിലെ ചികിത്സാ ആവശ്യങ്ങൾക്കായി 28,000 ഇന്ത്യൻ രൂപയും ടീം ഹോപ്പ് ഇദ്ദേഹത്തിന് കൈമാറി.

സൽമാനിയ ഹോസ്പിറ്റലിലെ ഡോക്ടർമാരും ഇന്ത്യൻ എംബസിയും നൽകിയ പിന്തുണയും ഈ കാരുണ്യപ്രവർത്തനത്തിൽ നിർണ്ണായകമായി. യാത്രയയപ്പിന് ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, റഫീഖ്, ഫൈസൽ, സാബു എന്നിവർ നേതൃത്വം നൽകി. സുരക്ഷിതമായി നാട്ടിലെത്തിയ ബൽബിർ സിംഗ്, തന്റെ ദുരിതകാലത്ത് കൂടെനിന്ന ടീം ഹോപ്പിനും മറ്റ് സഹകാരികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

article-image

dsfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed