എനിക്ക് പേരിട്ടയാൾ ഇവിടെയുണ്ട്..... രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി
"മമ്മൂട്ടി എന്ന് എനിക്ക് പേരിട്ടയാൾ ഈ വേദിയിലുണ്ട്", മനോരമ ഹോർത്തൂസ് ഉദ്ഘാടന പ്രസംഗത്തിൽ മഹാനടൻ ആ കഥ പറയുമ്പോൾ പ്രേക്ഷകലോകം ഒരുനിമിഷം ഞെട്ടി. ഇതുവരെ പുറത്തു വരാത്ത രഹസ്യം മഹാനടൻ പറയാനൊരുങ്ങിയപ്പോൾ അതൊരു മെഗാഹിറ്റ് സിനിമയുടെ ക്ലൈമാക്സു പോലെയും അവസാന പേജ് വരെ ഉദ്വേഗം നിലനിർത്തുന്ന പുസ്തകത്താൾ പോലെയും തോന്നിപ്പിച്ചു. ശ്വാസമടക്കിപ്പിടിച്ചിരുന്ന ഹോർത്തൂസ് വേദിയിൽ മമ്മൂട്ടി തന്റെ പേരിന്റെ പിന്നിലെ കഥ പറഞ്ഞു. "എനിക്ക് പേരിട്ടയാൾ ഇവിടെയുണ്ട്. എടവനക്കാടുള്ള എന്റെ സുഹൃത്ത് ശശിധരനാണ് അദ്ദേഹം. എല്ലാവർക്കും കാണാനായി അദ്ദേഹം ദയവായി മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു". മമ്മൂട്ടി ഇത്രയും പറഞ്ഞു നിർത്തുമ്പോൾ സദസിൽ നിന്ന് ശശിധരൻ മുന്നോട്ടു നടന്നു.
ഇളകിയാടിയ സദസ് ആർപ്പുവിളികളിൽ മുഴുകി. മമ്മൂട്ടി കഥ തുടർന്നു: "മഹാരാജാസ് ഒരു കോളജ് അല്ല, ഒരു വികാരമാണ്. ഇവിടെ പഠിക്കുമ്പോൾ എന്റെ പേര് വേറെ ഒന്നായിരുന്നു. പേര് അപരിഷ്കൃതമായി തോന്നിയതു കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഓമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. ഓമറെ ഓമറെ എന്നാണ് വിളിക്കുക. ഒരിക്കൽ കൂട്ടുകാരുമായി നടക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഐഡി കാർഡ് താഴെ വീണു. അത് ഒരുത്തൻ എടുത്തു നോക്കിയിട്ട് നിന്റെ പേര് ഓമർ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേ എന്നു ചോദിച്ചു. അന്നു മുതലാണ് ഞാൻ എന്റെ സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്".
വേദിയിൽ ആരവം മുഴങ്ങുമ്പോൾ മമ്മൂട്ടി തുടർന്നു: "പലരും ചോദിക്കും എനിക്ക് പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്നു, അവരാണ് പേരിട്ടതെന്ന് പറഞ്ഞു. പക്ഷേ എനിക്കറിയാവുന്ന എനിക്ക് പേരിട്ട മമ്മൂട്ടി ദാണ്ടെ അവിടെ ഇരിപ്പുണ്ട്. പുള്ളിയെ ഒന്ന് ഇങ്ങോട്ട് വിളിക്കാം. ഇദ്ദേഹത്തിന്റെ പേര് ശശിധരൻ എന്നാണ്. എടവനക്കാടാണ് വീട്. പലരും എന്നോട് ചോദിച്ചു. ഞാൻ ഇദ്ദേഹത്തെ ഒളിച്ചു വച്ചതാണ്". ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗത്തിൽ ലോകമെങ്ങുമുള്ള പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച കഥാപാത്രമായി മാറുകയായിരുന്നു മഹാനടൻ അവിടെ. ഈ സമയം വേദിയിൽ മമ്മൂട്ടിക്ക് അരികിലെത്തിയ ശശികുമാറിനെ അദ്ദേഹം ചേർത്തു പിടിച്ചു. മമ്മൂട്ടിയോട് കുശലം പറഞ്ഞ് വേദിയെ അഭിവാദ്യം ചെയ്ത ശേഷം ശശികുമാർ മടങ്ങി.
jgjkg
