റയ്യാൻ സ്പോർട്സ് ഫെസ്റ്റ് - 2025: ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
പ്രദീപ് പുറവങ്കര
മനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന റയ്യാൻ സ്പോർട്സ് ഫെസ്റ്റ് - 2025-ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ അബ്ദുൽ സലാം ചങ്ങരംചോല അറിയിച്ചു. നവംബർ 21-ന് വെള്ളിയാഴ്ച അൽ ഹമല സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് കായികമേള നടക്കുക.
അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റോടെ വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണിവരെ നീണ്ടുനിൽക്കും. റിഫ, ഈസടൗൺ, ഹിദ്ദ്, ഹൂറ മദ്രസകളിൽ പഠിക്കുന്ന 350-ലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
മത്സരാർത്ഥികളെ പ്രായത്തിനനുസരിച്ച് ചുവപ്പ് , നീല , പച്ച , മഞ്ഞ എന്നിങ്ങനെ നാല് ഹൗസുകളിലായി ക്രമീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെല്ലാം തങ്ങൾക്ക് ലഭിച്ച ഹൗസുകളുടെ നിറത്തിലുള്ള സ്പോർട്സ് വസ്ത്രങ്ങൾ ധരിച്ച് കൃത്യസമയത്ത് ഗ്രൗണ്ടിലെത്തണമെന്ന് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം നിർദ്ദേശിച്ചു. നേരത്തെ നൽകിയ ചെസ്റ്റ് നമ്പറുകൾ ഗ്രൗണ്ടിൽ ധരിക്കേണ്ടതാണെന്ന് ഗെയിം കോർഡിനേറ്റർ തൗസീഫ് അഷറഫ് അറിയിച്ചു.
വിദ്യാർത്ഥികളുടെ ഹൗസുകൾ, ചെസ്റ്റ് നമ്പറുകൾ, മത്സര ഇനങ്ങൾ എന്നിവ റയ്യാൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്കോറിംഗും മെഡൽ സംവിധാനങ്ങളുമെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നിയന്ത്രിക്കുന്നതാണെന്നും റഫറിമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ഐ.ടി. കോർഡിനേറ്റർ നഫ്സിൻ വ്യക്തമാക്കി.
ഹൗസ് മാനേജർമാരായി സാദിഖ് ബിൻ യഹ്‌യ , സുഹാദ് ബിൻ സുബൈർ , നഫ്സിൻ , സജ്ജാദ് ബിൻ അബ്ദുൽ റസാഖ് എന്നിവരെയും മദ്രസാ കോർഡിനേറ്റർമാരായി വസീം അൽ ഹികമി, ഷംസീർ, സ്വാലിഹ്, കോയ, ഫൈസൽ, ഹംറാസ്, സമീർ, അഹ്മദ് നൂഹ് എന്നിവരെയും ചുമതലപ്പെടുത്തി.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കായി സുസജ്ജമായ വളണ്ടിയർ, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ അറിയിച്ചു. റഫ്രഷ്മെൻ്റ് വിതരണത്തിനായി പ്രത്യേക കൗണ്ടറുകളും കൂപ്പൺ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പോയിന്റുകൾ നേടുന്ന ഒന്നും രണ്ടും ഹൗസുകൾക്ക് റോളിംഗ് ട്രോഫിയും ഓരോ ഇനത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മെഡലുകളും നൽകും.
വെള്ളി, ശനി ദിവസങ്ങളിലെ രാവിലെയുള്ള മദ്രസാ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെയർമാൻ അബ്ദുൽ റസാഖ് വി.പിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്ത യോഗം ഒരുക്കങ്ങൾ വിലയിരുത്തി.
sdfsf
