ശാന്തിസദനം ബഹ്റൈൻ ചാപ്റ്റർ ശിശുദിനത്തിൽ 'ആർദ്രം'25 സ്നേഹ സംഗമം ഒരുക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിൻ്റെ പ്രചരണാർത്ഥം ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ആർദ്രം'25 എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹ സംഗമം ഒരുക്കുന്നു. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ലൈഫ് കോച്ചുമായ പി.എം.എ. ഗഫൂറിൻ്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. നവംബർ 14 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കെ.സിറ്റി ഹാളിലാണ് പരിപാടി നടക്കുക. ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ ആവിഷ്കാരവും സംഗമത്തിന് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പയ്യോളി പുറക്കാട് കേന്ദ്രീകരിച്ച് 16 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻ്റ്ലി ഏബിൾഡ്. 2009-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിർധന പശ്ചാത്തലത്തിൽ നിന്നുള്ള വിഭിന്നശേഷിയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പഠനം, തെറാപ്പികൾ, വാഹനം, ഭക്ഷണം, തൊഴിൽ പരിശീലനം എന്നിവയെല്ലാം ഇവിടെ പൂർണ്ണമായും സൗജന്യമാണ്.
വിദ്യാസദനം എജ്യുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ശാന്തിസദനത്തിന് കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഭിന്നശേഷി വിദ്യാലയങ്ങളിലൊന്നായി ബാലാവകാശ കമ്മീഷന്റെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. തിയേറ്റർ ശൈലിയിലുള്ള വേറിട്ട പഠനരീതികളാണ് ഇവിടെ അവലംബിക്കുന്നത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി യൂണിറ്റുകളും വിവിധ തൊഴിൽ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നു. എസ്. മായയാണ് പ്രിൻസിപ്പൽ.
ഭിന്നശേഷി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുവാൻ വിപുലമായ സൗകര്യങ്ങളോടെ ഒരുങ്ങുന്ന റസിഡൻഷ്യൽ പദ്ധതിയാണ് ശാന്തിസദനത്തിൻ്റെ പുതിയ സംരംഭമായ 'സിറാസ്' (SIRAS - ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ് സ്റ്റഡീസ്). തൊഴിൽ, ജീവിത നൈപുണി പരിശീലനങ്ങളിലൂടെ അവർക്ക് വളരാനുള്ള അവസരമാണ് സിറാസ് വിഭാവനം ചെയ്യുന്നത്. സിറാസ് റിഹാബ് വില്ലേജ് ഉൾപ്പെടുന്ന ഈ സമുച്ചയത്തിനായി പയ്യോളി പേരാമ്പ്ര ദേശീയ പാതയോട് ചേർന്ന് മേപ്പയ്യൂർ വിളയാട്ടൂർ പ്രദേശത്ത് പതിനാല് ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്.
സിറാസ് റിഹാബ് വില്ലേജ്, ഏർളി ഇൻ്റർവെൻഷൻ & ഫാമിലി സപ്പോർട്ട് സെൻ്റർ, വൊക്കേഷണൽ ട്രെയിനിങ് സെന്റർ, റിസർച്ച് & അഡ്വാൻസ്ഡ് സ്റ്റഡീസ് സെൻ്റർ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പുനരധിവാസ കേന്ദ്രത്തിന്റെ പ്രചരണാർത്ഥമാണ് 'ആർദ്രം' പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ നിസാർ കൊല്ലം, ജനറൽ കൺവീനർ ഇ.വി. രാജീവൻ, വൈസ് ചെയർമാൻമാരായ ജമാൽ ഇരിങ്ങൽ, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തിൽ, കൺവീനർമാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തിസദനം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡൻ്റ് രാധാകൃഷ്ണൻ കെ, ജനറൽ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മറ്റി കൺവീനർ അഫ്സൽ കളപ്പുരയിൽ, ട്രഷറർ ജാബിർ. എം എന്നിവർ പങ്കെടുത്തു.
േ്ിേ്ി
