നിയമ ലംഘനം; കുവൈത്തിൽ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി

കുവൈത്തിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 സെപ്റ്റംബർ 1 മുതൽ 2023 മെയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാട് കടത്തിയത്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കങ്ങളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഹവല്ലി, അഹമ്മദി, ജഹ്‌റ, ഫർവാനിയ, മുബാറക് അൽ−കബീർ എന്നീ ഗവർണറേറ്റുകളിലായി സ്ഥാപിച്ച 22,212 ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പ്രവാസികൾ പിടിയിലായത്.
തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിൽ 878 പേരും,ക്യാപിറ്റൽ ഗവർണറേറ്റിൽ 580 പേരും, ബാക്കിയുള്ളവർ മറ്റ് ഗവർണറേറ്റുകളിലുമാണ് പിടിയിലായത്. ഈ കാലയളവിൽ 2,279 മയക്കുമരുന്ന് കേസുകളും 227 മദ്യക്കേസുകളും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ പിടികൂടിയത്. 1,00,169 ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് കേസുകൾ റിപ്പോർട്ട് ചെയ്തത്.
xdfgfcx