ഊർജ്ജോപയോഗം കുറയ്ക്കാൻ പ്രചാരണവുമായി ദീവ

ദുബൈ : വേനൽക്കാലത്ത് ഊർജ്ജോപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 'പീക്ക് ലോഡ്' മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ ഉപയോക്താക്കൾക്ക് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നിർദ്ദേശം നൽകി. ഏറ്റവും കൂടുതൽ ഊർജ്ജോപയോഗം രേഖപ്പെടുത്തുന്ന ഉച്ചയ്ക്കു 12 മുതൽ വൈകുന്നേരം ആറുവരെയാണു പീക്ക് ലോഡ് സമയം.
'ഈ വേനൽക്കാലം ഹരിതാഭമാക്കാം' എന്ന ദീവയുടെ ക്യാന്പയ്നിന്റെ ഭാഗമായാണു നടപടി. വാട്ടർ ഹീറ്ററുകൾ, ഇലക്ട്രിക് അവനുകൾ, തേപ്പുപെട്ടി തുടങ്ങിയവയുടെ ഉപയോഗം രാവിലെയോ വൈകുന്നേരത്തിനുശേഷമോ ആക്കാൻ ദീവ നിർദ്ദേശം നൽകി. ശുദ്ധഊർജം, ഹരിത സന്പദ് വ്യവസ്ഥ എന്നിവയുടെ രാജ്യാന്തര കേന്ദ്രമായി ദുബൈയിയെ മാറ്റാനുള്ള ദുബൈ ക്ലീൻ എനർജി പദ്ധതി 2050 ന്റെ ഭാഗമായാണു നടപടികളെന്ന് അധികൃതർ പറഞ്ഞു. കാർബൺ പുറന്തള്ളുന്നത് പരമാവധി ഒഴിവാക്കാനും വൈദ്യുതി, ജല ഉപയോഗം 2030ഓടെ മുപ്പതുശതമാനം കുറയ്ക്കാനുമാണു ലക്ഷ്യമിടുന്നത്.
പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ഭാവി തലമുറയ്ക്കായി കരുതുന്നതിനുമായി ശ്രദ്ധയോടെയുള്ള ജീവിത ശൈലി പ്രോൽസാഹിപ്പിക്കാനാണു പദ്ധതിയെന്ന് ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പീക്ക് ലോഡ് സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗം ഉണ്ടാകുന്നത് അനുസരിച്ച് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ധനം ഏറെ ചെലവാക്കുന്നുണ്ട്.
ഇത് കാർബൺ പുറംതള്ളുന്നതു വർദ്ധിപ്പിക്കും. അതിനാൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയുള്ള സമയങ്ങളിൽ കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്നു ദീവ മാർക്കറ്റിംങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡണ്ട് അമൽ കോശക് അഭ്യർത്ഥിച്ചു.