വിസക്കച്ചവടവുമായി ബന്ധമുള്ള കന്പനികളുടെ ഫയലുകൾ പ്രോസിക്യൂഷന് കൈമാറും


കുവൈത്ത് സിറ്റി : വിസക്കച്ചവടവുമായി ബന്ധമുള്ള ഏതാനും കന്പനികളുടെ ഫയലുകൾ പ്രോസിക്യൂഷന് കൈമാറുമെന്ന് സാമൂഹിക- തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുംവിധമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അവർ അറിയിച്ചു.
വിസക്കച്ചവടക്കാർക്ക് ശിക്ഷ ഉറപ്പാണെന്ന ബോധ്യം വന്നതോടെ ആ പ്രവണത കുറഞ്ഞുവരുന്നതായാണ് അനുഭവമെന്നും അവർ വാർത്താലേഖകരോട് പറഞ്ഞു. തൊഴിൽ വിപണി ക്രമീകരണത്തിന് ചേംബർ ഓഫ് കൊമേഴ്സ്, വർക്കേഴ്സ് ഫെഡറേഷൻ എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനം നടത്തും. മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കുന്ന നടപടികളാകും അക്കാര്യത്തിൽ സ്വീകരിക്കുക.
ഗാർഹികതൊഴിലാളി വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തൊഴിൽ മന്ത്രാലയത്തിലേക്ക് മാറ്റുന്ന നടപടി പൂർത്തിയായിട്ടുണ്ട്. ഇരു വിഭാഗങ്ങളിലും പെട്ട ഉദ്യോഗസ്ഥരുടെ യോഗം താമസിയാതെ ചേർന്ന് തുടർനടപടികൾ ത്വരിതപ്പെടുത്തും. ഗാർഹികതൊഴിലാളികളുമായി ബന്ധപ്പെട്ട് ഏകീകൃത ഫീസും നിയമവും കൊണ്ടുവരുന്നതിന് ഗാർഹിക തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും തമ്മിൽ സഹകരണത്തിന് കുവൈത്ത് ശ്രമിക്കുന്നുണ്ട്.
സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് അവസരം നൽകുന്നതിനുള്ള സർക്കാർ പദ്ധതിയായ റീസ്ട്രക്ചറിങ് പ്രോഗ്രാമും മാൻപവർ അതോറിറ്റിയും തമ്മിലുള്ള ലയ
നം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രണ്ടു സംവിധാനങ്ങളുടെയും ബജറ്റുകൾ ലയിപ്പിച്ചു. ഉദ്യോഗസ്ഥരെയും ഒരു സംവിധാനത്തിന് കീഴിലാക്കി. എന്തെങ്കിലും പ്രശ്നങ്ങൾ അവശേഷിക്കുന്നുവെങ്കിൽ അവ കണ്ടെത്തി പരിഹരിക്കും. സ്വകാര്യമേഖലയിൽ നിയമിക്കേണ്ട സ്വദേശികളുടെ പുതിയ തോത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറായിട്ടുണ്ട്.
രാജ്യത്തിന് പുറത്തുള്ള ജീവകാരുണ്യ പദ്ധതികൾ നിയമലംഘനത്തിൻന്റെ പേരിൽ നിർത്തിവക്കേണ്ടിവന്നിട്ടില്ലെന്ന് ഹിന്ദ് അൽ സബീഹ് പറഞ്ഞു. വിദേശ, ആഭ്യന്തര, ഔഖാഫ് മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ് അത്തരം പദ്ധതികൾ നടപ്പാക്കുന്നത്. സംഭാവന ശേഖരിക്കുന്നത് സംബന്ധിച്ച് ചില്ലറ പരാതികൾ വന്നതല്ലാതെ ജീവകാരുണ്യത്തിനായുള്ള ധനശേഖരണത്തിലും പരാതികൾ കുറവാണെന്ന് മന്ത്രി പറഞ്ഞു.
Prev Post