സ്വാതന്ത്ര്യദിന സ്മരണയിൽ കുവൈത്ത്

കുവൈത്ത് സിറ്റി : ബ്രിട്ടീഷ് ഭരണത്തിൽ നിന്നു കുവൈത്ത് സ്വാതന്ത്ര്യം നേടിയതിന്റെ അന്പത്തേഴാം വാർഷികം ആഘോഷിച്ചു. പതിനൊന്നാമത് അമീറായിരുന്ന ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹും അറേബ്യൻ ഗൾഫ് ബ്രിട്ടീഷ് കമ്മീഷണറായിരുന്ന സർ ജോർജ് മിഡിൽടണും തമ്മിൽ 1961 ജൂൺ പത്തൊന്പതിനാണ് സ്വാതന്ത്ര്യം സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
വിദേശ ശക്തികളിൽനിന്ന് കുവൈത്തിനെ സംരക്ഷിക്കുന്നതിന് ഏഴാമത് അമീർ ഷെയ്ഖ് മുബാറക് അൽ സബാഹ് 1899 ജനുവരി 23ന് ബ്രിട്ടനുമായുണ്ടാക്കിയ ധാരണ അവസാനിപ്പിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യപ്രഖ്യാപന രേഖ. ആദ്യ രണ്ടുവർഷം സ്വാതന്ത്ര്യദിനം ജൂൺ 19ന് ആഘോഷിച്ചുവെങ്കിലും പിന്നീട് അത് ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപിതാവ് എന്ന നാമത്തിനും അർഹനായ ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹ് അമീർ ആയി സ്ഥാനമേറ്റ തീയതികൂടി കണക്കാക്കിയായിരുന്നു ഈ മാറ്റം.
പരമാധികാരത്തിന്റെ പുതിയ അധ്യായം രചിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യദിനത്തിൽ അമീറിന്റെ പ്രഥമ പ്രസംഗം. രാജ്യത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെട്ടിരിക്കുകയാണ്. ചരിത്രത്തിന്റെ ഒരു താളിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം. കുവൈത്തിന് പൂർണ സ്വാതന്ത്ര്യവും പരമാധികാരവും ലഭ്യമായിരിക്കുന്നു- പ്രഥമ പ്രസംഗത്തിൽ അമീർ പ്രസ്താവിച്ചു. സ്വതന്ത്ര കുവൈത്തിൽ ഭരണഘടനാപരമായ പ്രഥമ ദൗത്യത്തിന് തുടക്കമായത് 1961 ആഗസ്റ്റ് 26നാണ്.
ഭരണഘടനയ്ക്ക് രൂപം നൽകുന്നതിനുള്ള ഭരണഘടനാ കൗൺസിലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം അമീർ പുറപ്പെടുവിച്ചത് അന്നായിരുന്നു. ഒന്പത് മാസം കൊണ്ടാണ് ഭരണഘടനാ കൗൺസിൽ സ്വതന്ത്ര കുവൈത്തിന്റെ ഭരണഘടനയ്ക്ക് രൂപം നൽകിയത്. 183 വകുപ്പുകൾ ഉൾപ്പെട്ട ഭരണഘടനാ കൗൺസിൽ 1962 നവംബർ 11ന് അമീറിന് സമർപ്പിച്ചു. അമീർ അന്നുതന്നെ അംഗീകാരവും നൽകി. വിദേശമന്ത്രാലയം സ്ഥാപിക്കാൻ 1961 ആഗസ്റ്റ് 19ന് കൈക്കൊണ്ടതാണ് രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ തീരുമാനം.
കുവൈത്ത് ഗവൺമെന്റ് സെക്രട്ടേറിയറ്റിനെ വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കുകയും രാജ്യത്ത് ആദ്യമായി വിദേശമന്ത്രാലയം രൂപവൽക്കരിക്കുകയും ചെയ്തു. 1962ൽ ആദ്യ മന്ത്രിസഭയിൽ ഷെയ്ഖ് സബാഹ് അൽ സാലെം അൽ സബാഹ് വിദേശമന്ത്രിയായി നിയമിക്കപ്പെട്ടു. 1963 ജനുവരി 28ന് നിലവിൽ വന്ന രണ്ടാം മന്ത്രിസഭയിൽ ഇന്നത്തെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ വിദേശമന്ത്രിയാക്കി. അറബ് ലീഗിൽ കുവൈത്ത് അംഗമാകുന്നത് 1961 ജൂലൈയിലാണ്.