ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്പദ്‌വ്യവസ്ഥകൾ; ഇരുവർക്കും ഒരുമിച്ച് അതിനെ താഴേക്ക് കൊണ്ടുപോകാം: ട്രംപ്

ശാരിക
വാഷിംഗ്‌ടൺ l താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്പദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച് അതിനെ താഴേക്ക് കൊണ്ടുപോകാമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ രൂക്ഷവിമർശനം.
'ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മിൽ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്‌വെദേവിനോട് വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാൾ കൈവെക്കുന്നത്'; ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മണിക്കൂറുകൾക്ക് മുൻപാണ് ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു. ഇവയാണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.
cvxcv