ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്‌ ലോക ആരോഗ്യ ദിനം ആഘോഷിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലൈഫ് എഗൈൻ ഫൌണ്ടേഷൻ 2018 ഏപ്രില്‍ 7 നു മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച്  ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്ന്റെ രണ്ടാം വാർഷികവും ലോക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചു. താര സാന്നിദ്ധ്യം നിറഞ്ഞ ചടങ്ങില്‍ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ ജീവാ സാഗർ, കുവൈറ്റ് ലൈഫ് എഗൈൻ ഫൌണ്ടേഷൻ രക്ഷാധികാരികളായ ഡോക്ടർ ഹിന്ദ് ഹമദ് അഹമ്മദ് അൽ ബഹാർ, ശ്രീ മാലിക് ഇസ്സ അഹമ്മദ് അൽ അജീൽ, ലൈഫ് എഗൈൻ പ്രസ്ഥാനത്തിന്റെ സ്ഥാപക ശ്രീമതി ഗൗതമി തടിമല, ബോളിവുഡ് താരവും മുൻ ആരോഗ്യ മന്ത്രിയും എംപിയുമായ ശ്രീ ശത്രുഘ്‌ൻ സിൻഹ, ബോളിവുഡ് താരം ശ്രീമതി പൂനം ധില്ലൻ എന്നിവർക്കൊപ്പം ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ് പ്രസിഡൻറ് ശ്രീ വെങ്കിട് കോഡൂരി, ഉപദേഷ്ടാവായ ശ്രീസുരേഷ് കെ പി, വൈസ് പ്രസിഡണ്ട് ശ്രീമതി ജയന്തി നടരാജൻ, ജനറൽസെക്രട്ടറി നീതു സിങ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

ലൈഫ് എഗൈൻ ഫൗണ്ടേഷന്റെ ലക്ഷ്യത്തെയും  പ്രവർത്തനങ്ങളെയും കുറിച്ചു സംസാരിച്ച  ശ്രീമതി ഗൗതമി, കഴിഞ്ഞ ഒരു വർഷം തന്നെ മെഡിക്കൽ ബോധവത്കരണങ്ങളും മെഡിക്കൽ ക്യാമ്പുകളും  യോഗ ക്ലാസ്സുകളും നടത്തി എന്നത് ഏറെ അഭിമാനം നല്കുന്നതിനോടൊപ്പം മുന്നോട്ടുളള യാത്രയ്ക്ക് പ്രചോദനം ആവുകയും ചെയ്യും എന്ന്  പ്രതീക്ഷ പ്രകടിപ്പിച്ചു. കാൻസർ പോലെയുള്ള ജീവിത രീതി രോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തിൽ അവയെ പ്രതിരോധിക്കാനും ,പിടിപെട്ടാൽ അതിനെതിരെ പൊരുതാനും ഉള്ള മാനസിക പിന്തുണയും വേണ്ട സഹായങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കുവൈറ്റിലെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കുവൈറ്റിലെ സ്വദേശികൾക്കിടയിലും ജനസമ്മതിയേറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പൂർണ്ണമായ ഒരു ജീവിതത്തിനു ഏറ്റവും  ആവശ്യമായത് രണ്ടു കാര്യങ്ങൾ ആണ് ഒന്ന് വിദ്യ അല്ലെങ്കില്‍ അറിവ്. രണ്ട്, ആരോഗ്യം. ഇത് രണ്ടും ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലൈഫ് എഗൈൻ ഇപ്പോൾ മുന്നിൽ കാണുന്ന വെല്ലുവിളി, അതിനായി വിവിധപരിപാടികൾ  ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ.

ശ്രീ ശത്രുഘ്നൻ സിൻഹ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാൻസർ പ്രതിരോധം  കാൻസർ അതിജീവനം എന്നിവയെ കുറിച്ചും പ്രത്യേകിച്ചു പുകയിലജന്യമായ ക്യാൻസറിനെതിരെ ഉള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചപ്പോൾ,  പ്രതിരോധകുത്തിവയ്പുകളുടെയും വാർഷിക ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യത്തെ കുറിച്ചുമായിരുന്നു ശ്രീമതി പൂനം ധില്ലൻ സംസാരിച്ചത്. പരിപാടിയുടെ ഭാഗമായി ഇറക്കിയ സോവനീര്‍ കുവൈറ്റിലെ  ഇന്ത്യൻ സ്ഥാനപതി ശ്രീ ജീവാ സാഗർന്റെയും ശ്രീമതി ഗൗതമിയുടെയും നേതൃത്വത്തിൽ മറ്റു അതിഥികളോടും നേതൃത്വനിരയോടും ഒപ്പം ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റിന്റെ കോർ കമ്മിറ്റി മെംബേർസ് ആയ  ഷൈനി ഫ്രാങ്ക്, വിജയനായർ, ചിന്നു കോര, നാഗേശ്വര റാവു, പ്രഗ്യ എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു.

കുവൈറ്റിലെ ഡാൻസ് സ്കൂളുകളായ  നാട്യവേദ സ്കൂൾ ഓഫ് ഡാൻസ്, ആചാര്യ ഡാൻസ് ഗ്രൂപ്പ്, ഡാൻസിങ് ഡിവാസ്  എന്നിവർ ഒരുക്കിയനൃത്ത രൂപങ്ങളും പ്രശസ്ത ഗായകരായ എൻ സി കാരുണ്യ, സൗജന്യാ മദ്‌ഭൂഷി എന്നിവർ നയിച്ച മനോഹരമായ  ഗാനമേളയും പരിപാടി അതീവ ഹൃദ്യമാക്കി മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed