വിസ നടപടി ലളിതമാക്കാൻ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പദ്ധതിയുമായി ഖത്തർ

ദോഹ : ഖത്തർ സന്ദർശിക്കാനെത്തുന്നവർക്ക് ഇനി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനും (ഇ.ടി.എ). വിസ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണിത്. യു.കെ, യു.എസ്.എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഷെങ്ഗൻ രാജ്യങ്ങൾ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ റെസിഡൻസ് പെർമിറ്റോ, വിസയോ ഉള്ളവർക്കാണ് മുൻകൂട്ടി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനും ലഭ്യമാക്കുക.
ഈ മാസം 27 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും അറിയിച്ചു. അർഹരായ സന്ദർശകർക്ക് www.qatarvisaservice.com എന്ന വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷ വഴി ഇ.ടി.എ ലഭ്യമാകും. അപേക്ഷ പ്രകാരം താമസ സ്ഥലം, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് രേഖകൾ, ആറു മാസം കാലാവധിയുള്ള പാസ്പോർട്ടിന്റെ കോപ്പി, 30 ദിവസമെങ്കിലും കാലാവധിയുള്ള റെസിഡൻസ് പെർമിറ്റിന്റെയോ, വിസയുടെയോ കോപ്പി എന്നിവയും ഓൺലൈനായി നൽകണം.
അപേക്ഷ അനുവദിച്ചാൽ ഓൺലൈനായി തന്നെ 30 ദിവസത്തെ കാലാവധിയുള്ള ഇ.ടി.എ ലഭിക്കും. ഇതു വേണമെങ്കിൽ ഓൺലൈനായി തന്നെ 10 ദിവസത്തേക്കു കൂടി പുതുക്കാനും സാധിക്കും. വിസ ഓൺ അറൈവലിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയാണ് ഇ.ടി.എയിലൂടെ. ഇ.ടി.എ ലഭിച്ചവർക്ക് ഖത്തറിലെത്തിയാലുടൻ വിസ ഓൺ അറൈവൽ ലഭ്യമാകും. ഇത് ഉപയോഗിച്ച് 30 ദിവസം വരെ രാജ്യത്ത് തങ്ങാം.