കേരളത്തിന്റെ അഭിവൃദ്ധിയിൽ പ്രതിപക്ഷത്തിന് വിഷമമെന്ന് ഇ പി ജയരാജൻ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിക്കെതിരായ രാഷ്ട്രീയം പറയുന്ന നേതാക്കളുടെ ഓഫിസുകൾക്കെതിരെ ജനാധിപത്യവിരുദ്ധമായ അന്വേഷണങ്ങൾ നടത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ഇതിനായി ഉപയോഗിക്കുന്നത് ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളെയാണ്. ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളെ അമർച്ച ചെയ്യാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കേന്ദ്രത്തിന്റെ ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഇ പി ജയരാജൻ പറയുന്നു. ഇതിന്റെയെല്ലാം തിരിച്ചടി അവർക്ക് തെരഞ്ഞെടുപ്പിലുണ്ടാകും. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും അവർ തിരിച്ചടി നേരിടുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് പ്രവൃത്തിപരിചയക്കുറവുണ്ടെന്ന ആരോപണത്തിനും ഇ പി ജയരാജൻ മറുപടി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ വന്നപ്പോഴും ചിലർ ഇങ്ങനെയൊക്കെ പറഞ്ഞു. എനിക്കും മന്ത്രിയായി പരിചയമുണ്ടായിട്ടാണോ. ഞങ്ങൾ ജീവിതത്തിന്റെ ഭൂരിഭാഗവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് വിനിയോഗിച്ചത്. ആ അനുഭവമാണ് ഞങ്ങളുടെയൊക്കെ സമ്പത്ത്. കേരളം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഞങ്ങളെ ചുമതലപ്പെടുത്തിയിട്ടുള്ള വകുപ്പുകളിലൂടെ ശ്രമിക്കുകയാണ് ഞങ്ങളെല്ലാവരും ചെയ്യുന്നത്. അതിന്റെ തുടർച്ചയായി തന്നെയാണ് ഇപ്പോഴും മന്ത്രിമാർ പ്രവർത്തിക്കുന്നത്. ഇപ്പോൾ മന്ത്രിമാർക്കെതിരെ ആരോപണം വരുന്നത് നല്ല ഉദ്ദേശത്തോടെയല്ല. പ്രതിപക്ഷം ഇപ്പോൾ നിരാശരാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അഭിവൃദ്ധിയിൽ പ്രതിപക്ഷത്തിന് വല്ലാത്ത വിഷമമുണ്ട്. അതുകൊണ്ടാണ് അവർ ഇത്തരം ആരോപണങ്ങൾ കെട്ടഴിച്ചുവിടുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
dsadsadsadsadsads