മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ മേഖല; അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനി


നടൻ മാമുക്കോയയുടെ ഖബറടക്കം അൽപസമയത്തിനകം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ടൗൺഹാളിലും വീട്ടിലും ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ വെച്ചാണ് തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മാമുക്കോയ ഹാസ്യ ലോകത്ത് അതികായനാണെങ്കിലും നാട്ടുകാർക്ക് എളിയവനായിരുന്നു. മലയാളസിനിമയിലെ ഹാസ്യലോകത്തെ തന്റെ കുടക്കീഴിലാക്കി വിരാജിക്കുമ്പോഴും അരക്കിണർ അങ്ങാടിയിലെ നാട്ടുകാർക്കിടയിൽ സാധാരണക്കാരനായി നടന്നു നീങ്ങി. മാർക്കറ്റിൽ പോയി വിലപേശി മീൻ വാങ്ങും. അങ്ങാടികളിലെ സൊറ പറച്ചിലിലും തമാശകളിലും പങ്കുചേരും. സാമൂഹികപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും.

ആരോടും പരിഭവവും ദേഷ്യവും കാണിക്കാതെ അൽപം കുനിഞ്ഞ് താഴെ നോക്കി നടന്ന് നീങ്ങുമ്പോഴും മാമുക്കാ എന്ന് വിളിച്ചാൽ തല ഉയർത്തി സ്നേഹത്തോടെ മുന്നിലേക്കടുക്കുന്ന മാമുക്കയെ മറക്കാൻ നാട്ടുകാർക്ക് കഴിയില്ല. 1982ൽ സുറുമയിട്ട കണ്ണുകളിലെ ഒരു ചെറിയ വേഷത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുമായി സന്തോഷത്തോടെ നടന്നുനീങ്ങിയ മാമുക്കോയക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാമുക്കോയയും ബഷീറുമായി അത്രക്ക് ഹൃദയഭേദ്യമായ ബന്ധമാണുള്ളത്. ആക്ഷേപഹാസ്യങ്ങളുടെ കുലപതിയായ ബഷീറിന് ഹാസ്യ കഥാപാത്രമായ മാമുക്കോയയോട് വലിയ ആദരവായിരുന്നു.

article-image

FVGDG

You might also like

  • Straight Forward

Most Viewed