അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ തളളി

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീൽ തളളി. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ പാലയാട് ലോ കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അലൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു എൻ.ഐഐ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പാലയാട് ലോ കോളജിലുണ്ടായ സംഘർഷത്തിൽ അലനെതിരെ ധർമ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമ്മടം പോലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹർജിയിൽ ഉന്നയിച്ചിരുന്നത്.
അതേസമയം കേസിൽ പ്രതിയായ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടറും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എൻ.ഐ.എ. കോടതി ജാമ്യം നൽകുമ്പോൾ അലൻ ഷുഹൈബിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇൻസ്പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാൻ പന്തീരാങ്കാവ് ഇൻസ്പെക്ടറോടും കോടതി നിർദേശിച്ചിരുന്നു.
2019−ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു.
rdsygdrh