കളക്ടർ അഭ്യർത്ഥിച്ചു; ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ

സിനിമയ്ക്ക് പുറത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് അല്ലു അർജുൻ. മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ട അന്യഭാഷാ നടന്മാരിൽ അല്ലുവിന്റെ പേര് മുന്നിലുണ്ടാകും. ഇപ്പോൾ പഠനം പ്രതിസന്ധിയിലായ മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ വീണ്ടും കേരളത്തിന് പിയപ്പെട്ടവനാകുകയാണ്.
ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് ആണ് മലയാളി വിദ്യാർത്ഥിനിയുടെ പഠനത്തിനായി അല്ലു അർജുന്റെ സഹായം തേടിയത്. പ്ലസ്ടു 92 ശതമാനം മാർക്കോടെ വിജയിച്ചിട്ടും ജീവിത സാഹചര്യങ്ങൾ പെണ്‍കുട്ടിയുടെ തുടർപഠനത്തിന് വെല്ലുവിളിയാകുകയാരുന്നു. തുടർന്ന് വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി സഹായം ഉറപ്പാക്കാന്‍ തീരുമാനിച്ചു. നാല് വർഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോൺസർ വേണമായിരുന്നു. തുടർന്ന് കളക്ടർ തന്നെ അല്ലു അർജുനെ വിളിച്ചു. നാൽ വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കം മുഴുവൻ പഠന ചിലവും അല്ലു അർജുൻ ഏറ്റെടുത്ത വാർത്ത കളക്ടർ തന്നെയാണ് ഫേ്‌സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്.
കളക്ടറുടെ കുറിപ്പ്;
കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോൾ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാർക്കോടെ വിജയിച്ചിട്ടും തുടർന്ന് പഠിക്കാൻ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021−ൽ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണ് മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഈ മോളുടെ കണ്ണുകളിൽ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
നഴ്സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാൽ മാനേജ്മെന്റ് സീറ്റിലെങ്കിലും ഈ മോൾക്ക് തുടർ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടർന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജിൽ സീറ്റ് ലഭിച്ചു. നാല് വർഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോണ്‍സർ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം അല്ലു അർജുനെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
ഞാൻ തന്നെ കഴിഞ്ഞ ദിവസം കോളേജിൽ പോയി ഈ മോളെ ചേർക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോൾ നന്നായി പഠിച്ച് ഭാവിയിൽ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്‌സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നൽകിയ സെന്റ് തോമസ് കോളേജ് അധികൃതർ, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന അല്ലു അർജുൻ, വീആർ ഫോർ ആലപ്പി പദ്ധതിക്ക് പൂർണ പിന്തുണ നൽകി കൂടെ നിൽകുന്ന നിങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’.
hkh