താത്ക്കാലിക നിയമനങ്ങൾ അനധികൃതമെന്ന് ആരോപണം; തൃശൂർ കോർപറേഷനിൽ പ്രതിഷേധം

താത്ക്കാലിക നിയമനങ്ങളിൽ തിരുവനന്തപുരം കോർപറേഷൻ പിന്നാലെ തൃശൂർ കോർപറേഷനിലും പ്രതിഷേധം. തൃശൂർ കോർപ്പറേഷനിൽ 360ഓളം താൽക്കാലിക നിയമനങ്ങൾ അനധികൃതമെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാരാണ് പ്രതിഷേധിച്ചത്. മേയറുടെ ചേംബർ ഉപരോധിച്ച കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമനങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം.
തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിൽ മുതൽ മേയറുടെ ഓഫീസിൽ വരെ അനധികൃത നിയമനം നടത്തിയെന്ന ആരോപണമാണ് കോൺഗ്രസ് കൗൺസിലർമാർ ഉന്നയിക്കുന്നത്. താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുക, ഇതുവരെയുള്ള നിയമനങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൗൺസിലർമാർ കോർപ്പറേഷൻ മുന്നിലേക്ക് മാർച്ച് നടത്തിയത്. ധർണ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു
ധർണയ്ക്ക് ശേഷം കൗൺസിലർമാർ മേയറുടെ ചേംബർ ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി.
kjl