ദയാബായിയുടെ സമരം അവസാനിപ്പിക്കുന്നു; മന്ത്രിമാർ ചർച്ച നടത്തി, 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കുമെന്ന് സർക്കാർ


സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ദയാബായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിലെ 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി അറിയിച്ചു. പിന്നീട് ഏറെ നേരം മന്ത്രിമാരുമായി സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കാമെന്ന് അവർ അറിയിച്ചു. 

എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് സമരം നടക്കുന്നത്. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട് ഉൾപ്പെടുത്താനാവില്ലെന്ന നിലപാട് സർക്കാർ അറിയിച്ചു. എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണിത്.

രണ്ടാഴ്ചയോളമായി സമരം തുടരുന്നുണ്ടെങ്കിലും പരിഗണന ലഭിച്ചത് ഇപ്പോൾ മാത്രമാണ്. 80 ലേറെ പ്രായമുള്ള ദയാബായിയുടെ നേതൃത്വത്തിലാണ് സമരം. അതേസമയം, തീരുമാനങ്ങളിൽ അന്തിമ തീരുമാനം ദയാബായിയുടേതാണെന്നാണ് സമര സമിതി നേതാക്കളുടെ നിലപാട്. 

ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് തന്നെ സമര സമിതി നേതാക്കൾ ദയാബായിയെ കണ്ടിരുന്നു. അവരുടെ കൂടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സമര സമിതി. എന്നാൽ ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ചയിൽ വിശദീകരിച്ചുവെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed